Apr 24, 2016

കുതിരവണ്ടി

Obstacles are those frightful things

 you see when you take your

 eyes off the goal. ~ Henry Ford

ഈ വനത്തിനുള്ളിലേക്ക് കടക്കുന്നത്‌ വരെ
ഞങ്ങൾ കൂട്ടുകാരെല്ലാവരും ഒന്നിച്ചായിരുന്നു. 
യാത്രാക്ഷീണം കൊണ്ടാണ് മയങ്ങിപ്പോയത്. 
അവരൊക്കെ എവിടെപ്പോയി? തങ്ങൾ പരസ്പരം
നഷ്ടപ്പെട്ടിരിക്കുന്നു എന്ന തോന്നലിൽ അയാൾ
നന്നായി പേടിച്ചു. ചുറ്റും കാട്ടു മരങ്ങളും
ചെടിക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും. 
അതിനിടയിലൂടെ നീണ്ടു ശയിക്കുന്ന കാട്ടു
പാതയിലൂടെ പൊതു വഴി കണ്ടെത്താമെന്ന
പ്രതീക്ഷയിൽ എന്നാൽ അല്പം ശങ്കയോടെ
മുന്നോട്ടു നടന്നു. ചുറ്റുവട്ടത്തു നിന്ന് 
കേൾക്കുന്ന ചെറിയ ശബ്ദം പോലും 
ഞെട്ടലുണ്ടാക്കുന്നു. പതിയെ മുന്നോട്ടു നടന്നു.
പിന്നിൽ ദൂരെ നിന്നായി കുതിരക്കുളമ്പടികളുടെ
ശബ്ദം. അത് അടുത്തടുത്തു വരുന്നു. 
മരങ്ങൾക്കിടയിലേക്ക്‌ പതുങ്ങി നിൽക്കണമെന്ന് 
ഉള്ളിൽ തോന്നിയെങ്കിലും പേടി കാരണം 
അനങ്ങിയില്ല. തിരിഞ്ഞു നോക്കുമ്പോൾ 
വെളുത്തതും കറുത്തതുമായ ഓരോ കുതിരകളെ 
പൂട്ടിയ ഒരു കുതിരവണ്ടി കാനനപാതയിലൂടെ
പൊടിപടലങ്ങൾ പറത്തി വിട്ടു കൊണ്ട് അടുത്തു
വരുന്നതായി കണ്ടു. വണ്ടിക്കാരനെ വളരെ 
വ്യക്തമായി കാണുന്നുണ്ട്. വണ്ടി തൊട്ടടുത്തെത്തി.
"ഹോയ് ...ഹോയ് ..." എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്‌ 
അതിന്റെ ചലന ഗതിക്കൊത്തു അയാളും ഓടാൻ 
തുടങ്ങി. എന്നാൽ വണ്ടിക്കാരൻ അയാളെ നോക്കുകയല്ലാതെ
ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യുകയുണ്ടായില്ല.
അയാൾ വണ്ടിയോടൊപ്പം ഓട്ടം തുടർന്നു. 
ഓട്ടത്തിനിടയിൽ ശബ്ദമുയർത്തിച്ചോദിച്ചു.
"കുതിരക്കാരാ... കുതിരക്കാരാ..... ദയവായി 
വണ്ടി നിറുത്തൂ"
"ഇല്ല. ഈ കുതിരകൾ നിൽക്കുകയില്ല. 
വേണമെങ്കിൽ ചാടിക്കയറിക്കൊള്ളൂ."
"ഓ .. ഹ്മ്മ് .. അങ്ങനെയോ.. 
പക്ഷേ.. നിങ്ങളെങ്ങോട്ടാണ് പോകുന്നത്?"
"ഭൂമിയുടെ അങ്ങേയറ്റത്തേക്ക്" 
"ങേ! (നിശ്ശബ്ദത) ... അപ്പോൾ എവിടെ നിന്നാണ് 
വരുന്നത്? 
"ഭൂമിയുടെ ഇങ്ങേയറ്റത്തുനിന്ന്"
എന്താണിയാൾ പറയുന്നത്? അയാളാകെ 
അങ്കലാപ്പിലായി.
"ഭൂമിയുടെ അങ്ങേയറ്റമോ. ഒത്തിരി ദൂരത്താണോ.
ചക്രവാളത്തിനുമപ്പുറം?” 
കുതിരക്കാരനിൽ നിന്ന് മറുപടിയുണ്ടായില്ല. 
ഓട്ടം കാരണം കിതക്കാനും തുടങ്ങിയിരിക്കുന്നു. 
പടിഞ്ഞാറ് സൂര്യാസ്തമയത്തിന്റെ അടയാളങ്ങൾ
കണ്ടു തുടങ്ങി. കൂറ്റൻ കാട്ടു മരങ്ങളുടെ 
നിബിഡാന്ധകാരത്തിലേക്ക് അസ്തമയ സൂര്യന്റെ 
മഞ്ഞപ്രകാശം നൂണ്ടു കേറാൻ വൃഥാ ശ്രമിച്ചു
കൊണ്ടിരിക്കുന്നു. തനിക്കു മുന്നിലിപ്പോൾ 
മറ്റൊരു വഴിയുമില്ല എന്ന തിരിച്ചറിവിൽ നിന്ന് 
എങ്ങനെയെങ്കിലും ആ കുതിരവണ്ടിയിൽ തന്നെ 
കയറിപ്പറ്റാമെന്നു തീരുമാനിച്ചു.
"ശരി. അങ്ങനെയെങ്കിൽ ...... ഞാനും കൂടി 
കയറിക്കോട്ടെ?" 
"ഓ ! ആട്ടെ ... എവിടെക്കാണ്‌ നിങ്ങൾക്ക് 
പോകാനുള്ളത്?"
അയാളൊരു നാടിന്റെ പേര് പറഞ്ഞു. അത് കേട്ട
കുതിരക്കാരൻ ഭാവവ്യത്യാസം കൂടാതെ പ്രതിവചിച്ചു.
"ഒരു നാടും എനിക്കറിയില്ല"
എങ്കിൽ പിന്നെ എന്തിനു ചോദിക്കുന്നു എന്ന് ഉള്ളിൽ
കോപിച്ചെങ്കിലും തന്റെ നിസ്സഹായത മനസ്സിലാക്കി
ക്ഷമ കൈവരുത്തി വീണ്ടും ചോദിച്ചു.
"അപ്പോൾ പിന്നെ നിങ്ങളെങ്ങനെയാണ് വഴികൾ 
കണ്ടെത്തുന്നത്?"
"ഈ കുതിരകൾ എല്ലാ നാടുകളിലൂടെയും 
ഓടിക്കൊണ്ടിരിക്കും. സഞ്ചാരികൾ അവരവരുടെ
നാടുകളെത്തുമ്പോൾ ഇറങ്ങിപ്പോകാറാണ് പതിവ്" 
അയാൾ വണ്ടിക്കുള്ളിലേക്ക് നോക്കി. ഇപ്പോഴും
കുതിരക്കാരനെയല്ലാതെ മറ്റാരെയും കാണാൻ 
കഴിഞ്ഞില്ല. 'ആരായിരിക്കും ഈ ഞങ്ങൾ?' 
ആ ആരായാലെന്ത്!
"എന്നാപ്പിന്നെ ഞാനും കൂടി കയറാം. 
എന്റെ നാടെത്തുമ്പോൾ ഞാനിറങ്ങിക്കൊള്ളാം" 
"ശരി കയറിക്കൊള്ളൂ"
ഓട്ടവും കിതപ്പും മൂലം തളർന്നു പോയിരിക്കുന്നു. 
എങ്കിലും വളരെ ശ്രമകരമായി വണ്ടിയിൽ കയറിപ്പറ്റുക
തന്നെ ചെയ്തു. വണ്ടിക്കുള്ളിൽ കയറിയപ്പോഴാണ് 
അത്യന്തം അത്ഭുതപ്പെട്ടത്. പുറത്തു നിന്ന് 
കാണുന്നത് പോലെ ആയിരുന്നേയില്ല. 'ഇത്രയും 
വലിപ്പമുള്ള കുതിര വണ്ടിയോ?' അങ്ങനെയൊരു
ശങ്ക പിടി കൂടുന്നതിന് മുന്നേ ആരോ കൈപിടിച്ചാനയിച്ചു
ഒരിരിപ്പിടത്തിൽ ഇരുത്തി. അതി സുന്ദരിയായ 
ഒരു യുവതി അതിമനോഹരമായി കിന്നരം 
വായിക്കുന്നത് അൽപനേരം നോക്കി ഇരുന്നു. 
കുതിരവണ്ടി പാഞ്ഞു കൊണ്ടിരിക്കുകയാണെന്നത് 
എന്ത് കൊണ്ടോ അയാൾക്ക്‌ ഓർമ്മ വന്നില്ല. 
മുന്നോട്ടു പോകെപ്പോകെ ഒന്നൊന്നായി മറന്നു 
കൊണ്ടിരുന്നു. ചുറ്റും ആ കുതിരവണ്ടിക്കുള്ളിലെ 
വെളിച്ചവും, നിറങ്ങളും, ബഹളങ്ങളും നിറഞ്ഞു നിന്നു.
നീണ്ട യാത്രക്കിടയിൽ എപ്പോഴോ വീണ്ടും
കുതിരവണ്ടിക്കാരനെ ഓർമ്മ വന്നു. വണ്ടിക്കാരൻ 
അപ്പോഴും അതേ ഇരുപ്പിൽ കുതിരകളെ തെളിച്ചു 
കൊണ്ടിരുന്നു. യാതൊരു വ്യത്യാസവും കൂടാതെ 
കുതിരകൾ ഓടിക്കൊണ്ടിരിക്കുകയാണല്ലോ 
എന്നൊന്നും ആലോചിക്കാൻ അയാൾ മെനക്കെട്ടില്ല. 
അറിയാതെ ഉള്ളിൽ ഉടലെടുത്ത ശങ്കയിൽ വണ്ടിക്കാരനോട് 
ചോദിച്ചു.
"നമ്മളിപ്പോ എവിടെയെത്തിക്കാണും?"  
"ശ്ശ്.....ശ്ശ്....." വണ്ടിക്കാരൻ ചൂണ്ടു വിരലുയർത്തി 
സ്വന്തം ചുണ്ടിൽ വെച്ചു.
"അല്ലാ ... ഓടാൻ തുടങ്ങിയിട്ട് ഒരു പാട് നേരമായെന്നു
തോന്നുന്നു " 
കുതിരക്കാരൻ ആരെയും ഗൌനിച്ചില്ല. അയാളോ 
വീണ്ടും ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുമിരുന്നു.
ഒരൊറ്റ ചോദ്യങ്ങൾക്കും മറുപടി ഇല്ലെന്നു കണ്ടപ്പോൾ 
അയാൾ വണ്ടിക്കാരനടുത്തായിത്തന്നെ ഇരുപ്പുറപ്പിച്ചു. 
ഇപ്പോൾ താനും വണ്ടിക്കാരനും കുതിരകളും മുന്നിലെ 
വഴികളും മാത്രം. 
സമയ തിട്ടതകളില്ലാതെ കുതിരവണ്ടി ഓരോ നാടുകളും
കടന്നു യാത്ര തുടർന്നു. പുറത്തെ കാഴ്ചകൾ 
നോക്കിയിരിക്കെ വനാന്തരത്തിൽ വെച്ച് വഴി
പിരിഞ്ഞുപോയ കൂട്ടുകാർ സംഘമായി
നീങ്ങിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 
ഒട്ടൊരു ആഹ്ളാദത്തോടെ വണ്ടിക്കാരനോട് വിളിച്ചു കൂവി. 
"ഹേയ് വണ്ടി നിർത്തൂ... വണ്ടി നിർത്തൂ... 
അതാ എന്റെ കൂട്ടുകാർ"
"ശ്ശ്.....ശ്ശ്....." ശബ്ദമുണ്ടാക്കരുത് എന്ന അർത്ഥത്തിൽ 
വണ്ടിക്കാരൻ വണ്ടിക്കാരൻ പുരികമുയർത്തി. 
പിന്നീട് തല ചരിച്ചു ഇറങ്ങിക്കൊള്ളാൻ ആംഗ്യം 
കാണിച്ചു. വണ്ടി നിറുത്തുകയില്ലല്ലോ എന്ന് 
അപ്പോഴാണ്‌ ഓർത്തത്. തന്റെ കൂട്ടുകാരെ ഉച്ചത്തിൽ 
ശബ്ദമുണ്ടാക്കി വിളിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് 
ഇറങ്ങാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ഇറങ്ങാൻ 
സാധിക്കുന്നില്ല. തളർന്നു പോയിരിക്കുന്നു. 
"വണ്ടിയുടെ വേഗം കുറക്കാമോ വണ്ടിയുടെ 
വേഗം കുറക്കാമോ വണ്ടിക്കാരാ?" എന്നിങ്ങനെ 
അയാൾ വിലപിച്ചു കൊണ്ടേയിരുന്നു. 
കൂട്ടുകാരെ വഴിയിൽ നിക്ഷേപിച്ച് കുതിരവണ്ടി
മുന്നോട്ടു പാഞ്ഞു. വല്ലാത്തൊരു വേവലാതിയോടെ
പുറത്തേക്ക് നോക്കി ഇരുന്നു. തന്റെ ഗ്രാമത്തിലൂടെയാണ് 
ഇപ്പോൾ കുതിരകൾ ഓടിക്കൊണ്ടിരിക്കുന്നത് 
എന്നത് അദമ്യമായ ആഹ്ളാദമുണ്ടാക്കി. കുതിരവണ്ടി 
വീടിനു തൊട്ടടുത്താണ്. വീടിന്റെ മുറ്റത്തുള്ള 
വയസ്സൻ ആൽമരം. അതിനു ചുവട്ടിലെ മരക്കസേരകൾ.
കസേരകളിൽ ശാന്തരായി മാതാപിതാക്കൾ. 
പിന്നെപ്പിന്നെ. എല്ലാം നല്ലവണ്ണം വ്യക്തമാണ് ഇപ്പോൾ. 
കലി തുള്ളി ചവിട്ടി മെതിച്ചു വീട്ടിൽ നിന്ന് 
പുറത്തേക്കിറങ്ങിപ്പോരുമ്പോൾ അവരെല്ലാരും 
പരവശപ്പെട്ടു മൌനമായി . അയാൾ വീടിനുള്ളിലേക്ക്
കണ്ണുകൾ കൂർപ്പിച്ചു വച്ചു.
“അതേ .... അവരൊക്കെ ...... അതാ ..... 
അങ്ങനെ ....! വണ്ടിക്കാരാ വണ്ടിയുടെ വേഗം കുറക്കൂ.....
വേഗം കുറക്കാനല്ലേ പറഞ്ഞത്" 
"ശ്ശ്.....ശ്ശ്....." 
വണ്ടിക്കാരനെന്തേ എപ്പോഴും വിരലുയർത്തിക്കാണിക്കുന്നത്. 
എനിക്കിവിടെ ഇറങ്ങിയേ മതിയാവൂ. ഇനി ഇറങ്ങാൻ 
കഴിഞ്ഞില്ലെങ്കിൽ? എനിക്കാണെങ്കിൽ ഇറങ്ങാൻ 
കഴിയുന്നുമില്ലല്ലോ. ഈ കുതിരവണ്ടിയിൽ കയറിയിട്ട് കാലങ്ങളായിരിക്കുന്നെന്നോ. 
ആരാണത് പറയുന്നത്. 
എനിക്കിറങ്ങണം. ആരെങ്കിലുമൊന്നു സഹായിക്കിൻ. 
ആരുമില്ലേ? ആരും? എങ്കിൽ...ഈ നിറുത്താത്ത 
കുതിരവണ്ടിയിൽ ഇറങ്ങാനാവാതെ ഞാനിരിപ്പുണ്ടെന്നു 
നിങ്ങളെങ്കിലും അവരോടൊന്നു പറയൂ. നിങ്ങൾ പറയില്ലേ?