Oct 5, 2013

കീപാഡില്‍ നിന്ന് മഷിയിലേക്ക്


എഴുത്തിന്റെ സൂത്രവാക്യങ്ങള്‍ മാറുകയാണ്. മറ്റു മാധ്യമങ്ങളോടൊപ്പം ഇതാ ഞങ്ങളും എന്ന് തന്റെടത്തോടെ പറയാനുള്ള ആര്‍ജ്ജവം ഇ-എഴുത്തുകാര്‍കാണിച്ചു തുടങ്ങിയതിന്റെ സൂചന തന്നെയാണ് മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് അവതരിപ്പിച്ച ഇ-മഷി വാര്‍ഷികപ്പതിപ്പ്‌. .!
"ഇന്ന് നിങ്ങളോടൊപ്പം, നാളെ നിങ്ങള്‍ക്കും മുകളില്‍" എന്നൊരു ധ്വനി കൂടി ഇവിടെയുണ്ട്. തീര്‍ച്ചയായും; വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തളരാതെ അര്‍ഹിക്കുന്ന രീതിയില്‍ ബ്ലോഗ്ഗേഴ്സ് മറുപടി പറഞ്ഞിരിക്കുന്നു. ഇ-മഷിയിലൂടെ ചെറുതായെങ്കിലും ഈ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
 ഇത്ര തിരക്കുകള്‍ക്കിടയിലും അഹോരാത്രം കഷ്ടപ്പെട്ട കെട്ടിലും മട്ടിലും മാസികയെ ഒന്നാന്തരമാക്കിയ അണിയറ ശില്‍പ്പികളായ സുമനസ്സുകളെ അഭിനന്ദിക്കാതെ വയ്യ. ഇല്ലസ്ത്രേഷന്‍ ശരാശരി നിലവാരത്തിലും  അച്ചടി, ലേ ഔട്ട്‌ എന്നിവ ഒത്ത നിലവാരമുള്ളതുമാണ്.
സൃഷ്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ വരകള്‍ നിര്‍വ്വഹിച്ച റിയാസ് അലി, ഷാജി മാത്യു, നിഷ കൂടാതെ നിരന്തരമായ സൂക്ഷ്മ പരിശോധനയിലൂടെ ഓരോ സൃഷ്ടികളേയും കൃത്യമായി ക്രമീകരിച്ച മറ്റുള്ളവര്‍, ഇതിനു വേണ്ട സാങ്കേതിക സഹായങ്ങളുമായി നിന്ന ഓരോ ബ്ലോഗ്ഗര്‍മാരുടേയും (പേരുകള്‍ എല്ലാം പരാമര്‍ശിക്കുന്നില്ല) പരിശ്രമങ്ങള്‍  വാക്കുകളില്‍  പറയാവുന്നതിനേക്കാള്‍ മുകളിലാണ്. ഓണ്‍ലൈന്‍ മീഡിയ മറ്റു മാധ്യമങ്ങളെ പിന്തള്ളുന്ന കാലം വിദൂരമല്ല.
ഉള്‍ത്താളില്‍ 
ഏതൊരു ബ്ലോഗ്ഗും പരതുമ്പോള്‍ ആദ്യം കാണുന്ന അഭിപ്രായം അജിത്‌ കുമാര്‍ എന്ന അജിത്തേട്ടന്റെയായിരിക്കും എന്നത് പോലെ ഇവിടെയും ഏറ്റവും സന്തോഷം തോന്നിയത് പൂമുഖത്ത് തന്നെ നിറപുഞ്ചിരിയുമായി ഓണവിശേഷങ്ങള്‍ പങ്കു വെക്കാന്‍ അദ്ധേഹമുണ്ടെന്നത് തന്നെയാണ്. ഓരോരോ  ആഘോഷങ്ങളുടെ നന്മകള്‍ നിലനില്‍ക്കെത്തന്നെ മറുവശത്ത്‌ നിര്‍ഭാഗ്യകരമായ ചില സത്യങ്ങള്‍  കുടി കൊള്ളുന്നുണ്ടെന്ന് പറയാതെ പറഞ്ഞും, വരികള്‍ക്കിടയില്‍ ഒളിപ്പിച്ചും പറഞ്ഞ ലേഖനം മികവുറ്റതായി. നഷ്ടപ്പെടുന്ന നന്മകളുടെ വേവലാതികള്‍ നിറഞ്ഞ, പക്വമായ, വലിച്ചു നീട്ടാത്ത ലേഖനം ഓണമെന്തായിരുന്നുവെന്നും, എങ്ങനെയാണ് ഇപ്പോഴെന്നും എങ്ങനെ ആയിരിക്കണമെന്നു കൂടി കൃത്യമായി പറഞ്ഞിരിക്കുന്നു. ചില അക്ഷരത്തെറ്റുകള്‍ കൂടി ഉണ്ടെന്നു സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
കഥകള്‍
"സാക്ഷി മൊഴികള്‍ " എന്ന കഥയാണ്‌. ശ്രദ്ധേയമായത് . അച്ചടി മീഡിയയിലും, ഓണ്‍ലൈനിലും വന്ന കഥകളില്‍ മികച്ച ഒന്നായി ഇതിനെ കാണേണ്ടി വരുന്നത് ആഖ്യാനത്തിലെ സവിശേഷത കൊണ്ടാണ്. നിലവിലെ സാമൂഹികാന്തരീക്ഷത്തെ കഥാപാത്രങ്ങളിലൂടെ മനോഹരമായി പറയാന്‍ കഴിഞ്ഞു എന്നത് വിജയമാണ്. കഥാകാരന്‍ തുടര്‍ന്ന് വരുന്ന ചില രീതികള്‍ ചിലയിടങ്ങളില്‍  അനുഭവപ്പെട്ടു. ചില  ഭാഗങ്ങളില്‍ വായനക്കാരന് വിട്ടു കൊടുക്കാമായിരുന്നു എന്നൊരു തോന്നലുമുണ്ട്‌.. .. എങ്കിലും, മടുപ്പിക്കാത്ത വായന നല്‍കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.
ക്രാഫ്റ്റില്‍ മികച്ചു നിന്ന കഥയും സിയാഫ് അബ്ദുള്‍ ഖാദറിന്റെ "സാക്ഷിമൊഴികള്‍ " തന്നെയാണ്.

എഴുത്തുകാരന്‍  പ്രവാചകനായി മാറുന്ന "അവരുടെ ആകാശം , ഭൂമി " എന്ന ജയേഷ് എഴുതിയ കഥ മറ്റു ചില്ലറ യുക്തികളെ മാറ്റി നിര്‍ത്തിയാല്‍ എണ്ണം പറഞ്ഞ കഥ തന്നെയാണ്. എല്ലാം കച്ചവടവല്‍ക്കരിക്കുന്ന ഇക്കാലത്ത് നഷ്ടപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചുള്ള വ്യഥ നമുക്കവിടെ വായിക്കാന്‍ കഴിയുന്നു. ഹൈക്ലാസ് സൊസൈറ്റിയെന്ന പേരില്‍ കാണിക്കുന്ന വിഡ്ഢിത്തരങ്ങളെ നന്നായി പരിഹസിച്ച കഥ. അവസാനത്തെ ഒരൊറ്റ പാരഗ്രാഫില്‍  "വിതച്ചത് കൊയ്യുന്നവന്റെ" അനിവാര്യത അല്ലെങ്കില്‍ സത്യം ഒരു വിങ്ങലായി നില നില്‍ക്കുന്നു. ആഖ്യാനത്തില്‍ വളരെ  പുതുമയുണ്ടെന്ന് പറയാന്‍ കഴിയില്ല എങ്കിലും ഓണ്‍ലൈനില്‍  എന്നും എടുത്തുകാണിക്കാവുന്ന കഥ. 

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അല്ലെങ്കില്‍ തുടച്ചു മാറ്റപ്പെടുന്ന ഗോത്രങ്ങളുടെ കഥ അതായത്, നാസ്സര്‍ അമ്പഴക്കലിന്റെ  "മരണത്തിന്റെ അതിരില്‍ ഒരു വേലി" ഭാഷ കൊണ്ട് മുന്നില്‍ നില്‍ക്കുന്നു. പറയാനുള്ള കാര്യം വളരെച്ചുരുങ്ങിയ വരികളിലേക്ക് ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ 'കഥ' ക്ക് ഭംഗി നഷ്ടപ്പെടുന്നുവോ എന്ന് സന്ദേഹിക്കേണ്ടിയും വരുന്നു. ഉപയോഗിച്ച ബിംബങ്ങളും നന്നായിരിക്കുന്നു. എഴുതിത്തെളിഞ്ഞ കഥാകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു  

നല്ല ഒഴുക്കില്‍ എന്നാല്‍ സാധാരണ ഗതിയില്‍  പറഞ്ഞ ബോണി പിന്റോയുടെ "തണല്‍ മരങ്ങള്‍""" തടസ്സങ്ങളില്ലാത്ത വായന നല്കുന്ന സൃഷ്ടിയാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് തമസ്ക്കരിക്കപ്പെടുന്ന വലിയൊരു സത്യമാണ് അവിടെ അനാവരണം ചെയ്യപ്പെട്ടത് എന്നാല്‍, അതിനു വേണ്ടി എഴുത്തുകാരന്‍  ശ്രദ്ധാലുവാകേണ്ടിയിരുന്നത് കഥാപാത്ര സൃഷ്ടിയിലായിരുന്നു. നായികയിലൂടെ പുരോഗമിക്കുന്ന കഥ ആ ഒരു കഥാപാത്രത്തിന്റെ പ്രായ പരിധിയില്‍ നിന്ന് പലപ്പോഴും പുറത്തു പോകുന്നു എന്ന വലിയ പോരായ്മ ഇക്കഥക്കുണ്ട്. അത് കഥയില്‍ വളരെ പ്രധാനവുമാണ്. കഥയുടെ ശീര്‍ഷകം കുറേക്കൂടി യോജിച്ചു ചെയ്യാമായിരുന്നു.

"ജീവാശ്മങ്ങള്‍"" എന്ന മിനി. പി . സി . യുടെ കഥക്ക് മികച്ച ഒരു പ്ലാറ്റ്ഫോമുണ്ട്. ആദിവാസി സമൂഹത്തിന്റെ ഭാഷ ആവിഷ്കരിക്കുന്നതിലും കഥാകാരി ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. ഒരേ പ്രതലത്തില്‍ നിന്ന് കൊണ്ട് രണ്ടു സമൂഹങ്ങളെ ഉയര്‍ത്തിക്കാണിച്ച 'നല്ല കഥ' ഇടക്കല്പം ഇഴച്ചില്‍  ഉണ്ടെന്നതും അത്ര പുതുമ തോന്നാത്ത അവതരണവും ന്യൂനതകളായി പറയാം 

ജിലു ആഞ്ചലയുടെ "ഓര്‍മ്മയിലെ നിഴലനക്കങ്ങളും" ആര്‍ഷയുടെ "മഴയിതള്‍പ്പൂവുകളും" ശരാശരി നിലവാരത്തിലാണുള്ളത് എന്ന് പറയേണ്ടി വരുന്നു . അതിനു പ്രധാന കാരണമായി കാണുന്നത്. 'പ്രണയമെന്ന' ചരട് പൊട്ടിക്കാന്‍ തയ്യാറാവാത്ത എഴുത്തുകളാണ്. ഈയൊരു പ്രവണത ഗ്രൂപ്പുകളില്‍ യഥേഷ്ടം കാണാം. വായിക്കേണ്ടി വന്ന സ്ത്രീ എഴുത്തുകളില്‍ പലതും ഈ ഇട്ടാ-വട്ടം കടക്കുന്നില്ല എന്നത് ദു:ഖകരം. (ഓണ്‍ലൈനില്‍ ശക്തമായി എഴുതുന്ന സ്ത്രീകളെ മാറ്റി നിര്‍ത്തി ചിന്തിക്കുക) ലോകത്തെ മികച്ച ക്ലാസ്സിക്കുകളില്‍ പലതും പ്രണയമാണെന്നിരിക്കെ അത്തരം ഒരു വിഷയത്തെ പെട്ടെന്ന് താരതമ്യപ്പെടുത്തി വിലയിരുത്താന്‍ കഴിയും എന്ന് കൂടിയുണ്ട്. മോശമെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം, അനുഗ്രഹീതമായ തൂലികയുണ്ടായിരിക്കെ എഴുത്തുകള്‍  ഒരു ചക്കില്‍  കിടന്നു തിരിയുന്നതിന്റെ ആവശ്യകത ആരായുകയാണെന്ന് മാത്രം.
എന്നാല്‍, ഒരു പക്ഷെ ഒരു ടീനേജറെ സംബന്ധിച്ച് ഈ കഥകള്‍ വളരെ മികച്ചത് എന്ന് വിലയിരുത്തിയേക്കാം.

ബാബു എഴുമാവിലിന്റെ "സായാഹ്നത്തിലെ വേദന" ക്ക് മികച്ച വായന നല്കുവാന്‍ കഴിയുന്നുവോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്‌. ...  ഒരു പാട് പറഞ്ഞു കേട്ട വിഷയങ്ങളാണ് ഇവിടെയും തുടരുന്നത്. പുതു തലമുറയ്ക്ക് അന്യം നിന്ന് പോയ ചിന്തകളുടെ ഒരു ഉണര്‍ത്തലാണ് ഇക്കഥ എന്ന് വേണമെങ്കില്‍ ഇവിടെ പറഞ്ഞു വെക്കാം.

കവിത
ഒരു കവിത വായിച്ചാല്‍  മതി എല്ലാ കവിതയുടെയും വിഷയങ്ങള്‍ അറിയാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇ-മഷിയില്‍ കാണാന്‍ കഴിയുന്നത്‌..
 എന്നാല്‍ നിസ്സംശയം. ഏറ്റവും മികച്ചത് ഷലീറിന്റെ " എനിക്കും ഒരു കാവ്യമെഴുതണം " എന്ന കവിത തന്നെ.

വാക്കിന്നു തീയിടാനഗ്നിയില്ലെങ്കിലും ......
എന്ന് പറഞ്ഞ് അഗ്നിസ്ഫുടം ചെയ്ത വാക്കുകളില്‍ വര്‍ത്തമാന കാലത്തിന്റെ മൂടുപടം നീക്കി ഓരോന്നുമോരോന്നും എണ്ണിപ്പറഞ്ഞ് ;
"പണ്ടാ അധികാരക്കൊത്തളങ്ങളെ -
നെഞ്ചു വിരിച്ചടപ്പിച്ച വീര വിപ്ലവപ്പന്തങ്ങളില്‍
കടലാസ് തോറും തീ തുപ്പിയ
തൂലികകളുണ്ടോ ചിതലുകള്‍ കാണാതെ
ഇന്നീ മണ്ണിലൊന്നെങ്കിലും!"
എന്ന് വേദനയോടെ പറഞ്ഞു നിര്‍ത്തിയ ഒരു വലിയ ചോദ്യത്തോടെ മനസ്സിലൊരു കൊളുത്ത്
വീഴ്ത്തിയ കവിത. ഇകഴ്ത്തിയിരുത്താന്‍ ശ്രമിച്ച അഹന്തകള്‍ക്കു മുന്നിലേക്ക് കാവ്യമെന്നാല്‍ ഇതാണെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ കഴിയുന്ന കവിത. കുത്തും കോമയുമൊക്കെ ശ്രദ്ധിക്കാനുണ്ട്‌ എന്നൊരു ഉണര്‍ത്തലും കൂടി. നല്ല വായന കൂടി ഉണ്ടെങ്കില്‍ മുന്‍ നിരയിലേക്ക് ലീര്‍ എന്ന ബ്ലോഗ്ഗര്‍ എത്തിപ്പെടുന്ന കാലം തൊട്ടടുത്താണ്. 
ഉസ്മാന്‍ പാണ്ടിക്കാടിന്റെ "നേര്‍ചിത്രം" കൂടി ഒഴിച്ചാല്‍ മറ്റു കവിതകള്‍ വിഷയപരമായ തെരഞ്ഞെടുപ്പിലെ അനാസ്ഥ കൊണ്ട് ഉയരാന്‍ കഴിയാതെ പോയിട്ടുണ്ടോ എന്ന് പുന:പരിശോധന ചെയ്യണ്ടിയിരിക്കുന്നു. സൃഷ്ടികള്‍ കൊണ്ട് ഇതിന്റെ ഭാഗമായ കവികളായ പ്രവീണ്‍ കാരോത്ത്, ബഷീര്‍. സി.വികവയിത്രി ഷിക്കു ജോസ് എന്നിവരെയും അഭിനന്ദിക്കട്ടെ.   

പ്രവീണ്‍ ശേഖറിന്റെ കഥകളോ അനുഭവക്കുറിപ്പോ വായിക്കുമ്പോള്‍ കാണാനാകാത്ത വശ്യതയും എഴുത്തിലെ ഭംഗിയും സിനിമയെഴുത്തില്‍ അദ്ദേഹം കാണിക്കുന്നുണ്ട്. ഇവിടെയും അത് കൃത്യമായി പറഞ്ഞിരിക്കുന്നു. സിനിമാ നിരൂപണം പ്രവീണ്‍ ശേഖറിനെ മുന്‍നിരയിലിരുത്തും എന്ന കാര്യം സംശയമില്ല. ഒരൊറ്റ നിര്‍ദ്ധേശമെന്ന നിലയില്‍ ഈ വായനക്കാരന് തോന്നിയത് സിനിമയുടെ കുറവുകള്‍ കൂടി പറയാമായിരുന്നു എന്നാണ്.

അഭിമുഖങ്ങള്‍ പ്രൊഫഷണലായിത്തന്നെ ചെയ്ത ബെഞ്ചി നെല്ലിക്കാലയെയും, റിയാസ് അലിയെയും അഭിനന്ദിക്കുന്നു.

സംഗീത സാഗരമേ സ്തുതി - എം - അജോയ്കുമാര്‍))) - ബ്ലോഗ്ഗര്‍ പരിചയം, പുസ്തക പരിചയം- കുമാരന്‍)) എന്നിവ നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

വ്യാജന്മാരെ പറ്റിയുള്ള ഡോക്ടറുടെ - അബ്സാര്‍ മുഹമ്മദ്‌ - തനതു ശൈലി രസകരവും അറിവുദായകവുമായി. ഗവണ്‍മെന്റ്  ശ്രദ്ധ ചെലുത്തേണ്ട ഇക്കാര്യങ്ങള്‍ എങ്ങനെ അവിടെ വരെയെത്തിക്കാം എന്ന് ശ്രമിക്കേണ്ടത് ഉത്തരവാദിത്തമുള്ള സമൂഹം തന്നെയാണ്. ലേഖനത്തിലെ ചില ഭാഗങ്ങള്‍ വൈകാരികമായിപ്പോകുന്നു എന്ന വിമര്‍ശനം ഉന്നയിക്കാതെ തരമില്ല.

വളരെ പ്രധാനപ്പെട്ടതും, എന്നാല്‍ നമ്മളൊക്കെ വെറുതെ വായിച്ചും, ചര്‍ച്ച  ചെയ്തും തള്ളുന്നതുമായ "ഭൂമി സംരക്ഷണം" സംബന്ധിച്ച നവാസ് ശംസുദ്ധീന്റെ ലേഖനം വളരെ ഫലവത്താണ്‌. ഇക്കാര്യത്തില്‍ അലംഭാവം വിട്ടു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ അറിയേണ്ടതും എല്ലാവരിലേക്കും നിര്‍ബന്ധമായി എത്തേണ്ടതുമായ വിവരങ്ങള്‍ . ഏറ്റവും ഗുണപ്രദമായ ലേഖനം. "ജൈവ കൃഷി ആവശ്യമല്ല , അത്യാവശ്യമാണ്" 

"നാടു വിട്ടവന്റെ സ്വപ്നങ്ങളും നഷ്ടപ്പെട്ടു" എന്നത് ശരിയാണ് എന്ന് തോന്നിപ്പോകുന്നു രഞ്ജിത് തോമസിന്റെ "കണ്ണീരുപ്പുള്ള ഓണസദ്യ" വായിക്കുമ്പോള്‍. ശരാശരി നിലവാരമുള്ള ഓര്‍മ്മക്കുറിപ്പ് 

വാരഫലം അത്ഭുതപ്പെടുത്തി. അതിനു വേണ്ടി പടവനും, ലംബോധരനും, ചരിത്ര പണ്ഡിതശ്രീ ഒളിപ്പോരാനന്ദ തിരുവടികളും നടത്തിയ പരിശ്രമം വെറും വാക്കില്‍ പറഞ്ഞു തീര്‍ക്കാനാവില്ല. ഷാജി മാത്യു, അസ്രൂസ് എന്നിവരുടെ   കാര്‍ട്ടൂണുകള്‍ നന്നായിരിക്കുന്നു.     

എവിടെയാണ് ഈ മാസികയുടെ കുറവ് എന്ന് ചോദിച്ചാല്‍, മേല്‍പ്പറഞ്ഞ ചിലതും, വിദ്യാഭ്യാസ പരമായതോ, ഇലക്ട്രോണിക്, ശാസ്ത്രപരമായതോ ആയ ഒന്നും ഒരു ബ്ലോഗ്ഗറും എഴുതിക്കണ്ടില്ല എന്നതാണ്. ഒരു മാസിക മറ്റുള്ളവര്‍ക്ക് മുന്നിലേക്ക്‌ കാണിക്കാനെന്നതിലുപരി ഒരു പാട് സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളൂന്നതാണല്ലോ. ആ നിലയ്ക്ക്, അത്തരം അറിവുകള്‍ അനിവാര്യമാണ് കൂടി പറയട്ടെ. ചില അക്ഷരത്തെറ്റുകള്‍ ഉണ്ട് എന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നു. അത് വായനയെ ബാധിക്കുന്ന തരത്തിലൊന്നുമില്ലതാനും. അതിന് മറ്റുള്ളവയില്‍ അതില്‍ക്കൂടുതല്‍ കാണും എന്നൊരു മറുപടി ഉണ്ടാവില്ല എന്ന് കരുതാം.   

ഇതൊരു നല്ല  തുടക്കമാണ്. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, വിമര്‍ശങ്ങളുണ്ടെങ്കിലും, വളരെ വളരെ മികച്ച നിലവാരത്തില്‍ അല്ല എങ്കില്‍പ്പോലും വളരെ നല്ല തുടക്കമാണ് വാര്‍ഷികപ്പതിപ്പിലൂടെ ഉണ്ടായിരിക്കുന്നത്.   ഇത് നല്കിയിരിക്കുന്നത് ഇ- വായനാ സമൂഹത്തോട് ബ്ലോഗ്ഗെഴ്സിനുള്ള വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. 
തണല്‍ മരങ്ങള്‍ രണ്ടു വട്ടം ആവര്‍ത്തിച്ചതിനു തണല്‍മരങ്ങള്‍ ബ്ലോഗ്ഗര്‍ എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് കരുതാം :D
എല്ലാ വിധ ആശംസകളും:
 ശ്രീ. നാസ്സര്‍ അമ്പഴക്കല്‍, ശ്രീമതി. നിഷ ദിലീപ്, ശ്രീ.അരുണ്‍ ചാത്തംപൊന്നത്ത്, ശ്രീ.നവാസ് ശംസുദ്ധീന്‍, ശ്രീ.അംജത് ഖാന്‍, ശ്രീ.വിഷ്ണു ഹരിദാസ്, ശ്രീ.ഫസലുല്‍ കുഞ്ഞാക്ക, ശ്രീ.അസ്രൂസ് ഇരുമ്പുഴി എന്നിവരോടൊപ്പം ഗ്രൂപ്പിന്റെ അഡു്മിന്‍സിനും, മറ്റു ബ്ലോഗ്ഗര്‍മാര്‍ക്കും             

ലേബല്‍. # വായന പല തരം, ഇതതിലൊരു തരം!       
(ഇ- മഷി യുടെ ആദ്യ വായനയില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ അതെ പോലൊരു പകര്‍ത്തല്‍ - അത്രമാത്രം)