Jan 23, 2013

മാലാഖക്കണ്ണുള്ള പെണ്‍കുട്ടി

കൈരളി നെറ്റ് മാഗസിൻ ഒക്ടോബർ 2013
ജലാശയത്തിന്റെ നീലിമയിലേക്ക് പൊടുന്നനെ തെന്നി വീണു . ശക്തി സംഭരിച്ചുയരുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്ന് കാലിലാരൊക്കെയോ പിടിമുറുക്കി. ഒന്നുയര്‍ന്നു പൊങ്ങിയപ്പോൾ കരയൊന്നു മിന്നിക്കണ്ടു  . തീരത്ത്,  ആഴമൊട്ടുമില്ലാത്ത ജലനിരപ്പില്‍ മരണത്തെ ഓര്‍മ്മിപ്പിച്ചു കുളിച്ചു കൊണ്ടിരിക്കുന്ന ബാലിക്കാക്കകളെ കണ്ടു . ആരുടെയൊക്കെയോ നീരാളിപ്പിടിത്തത്തോടൊപ്പം താഴ്ന്നു താഴ്ന്നു പോകുന്നു . ജലത്തിന്റെ സ്ഫടിക തലങ്ങള്‍ വകഞ്ഞു മാറ്റുമ്പോള്‍ കാണുന്നത് ശ്വാസം മുട്ടി കണ്ണുകള്‍ തുറിച്ചു ശവമായിത്തീരുന്ന ജീവനുകള്‍. പരക്കം പാഞ്ഞു കൊണ്ടിരിക്കുന്ന പരല്‍മീനുകള്‍ . മേനിയാകെ കൊഴുപ്പു പടര്‍ത്തി മുറുകിയ പായലുകള്‍ . തുറന്നു പിടിച്ച വായിലൂടെ പുഴയിലെ മലിന ജലം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു . വെള്ളത്തിന്റെ  തണുത്ത ഇഴകളിലൂടെ അടിയിലേക്കാഴ്ന്നു പോകുമ്പോള്‍ രണ്ടു കുഞ്ഞിക്കൈകള്‍ കുപ്പായത്തില്‍ പിടി മുറുക്കി. മങ്ങുന്ന കാഴ്ചയില്‍  തിളങ്ങുന്ന കുഞ്ഞിക്കണ്ണുകള്‍ കണ്ടു . പട്ടിന്റെ മാര്‍ദ്ധവമുള്ള വെളുത്ത പൂഞ്ചിറകുകള്‍ കണ്ടു . ഊക്കനൊരു വലിയില്‍ തിരികെ പുഴമണലില്‍ വന്നു വീണു .

എത്ര ശ്രമിച്ചിട്ടും നവീദിനു അസ്വസ്ഥത വിട്ടു മാറിയില്ല. ഫോണ്‍ ശബ്ദമുണ്ടാക്കുന്നു. ഐഫോണിന്റെ സ്ക്രീനില്‍ 'അമ്മ' എന്ന് തെളിഞ്ഞു. അതു നോക്കിയിരിക്കെ പ്ലാറ്റ് ഫോമിൽ നിന്നാരോ നവീദിന്റെ കാലുകളിലിടിച്ചു വേദനിപ്പിച്ചു കൊണ്ട് അതിവേഗത്തില്‍കടന്നു പോയി . 
"ഒവ് ! സ്റ്റുപ്പിട് "
ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേയിരിക്കുന്നു . നില്‍ക്കാതായപ്പോള്‍ എടുത്തു .
" അമ്മയാണ് മോനെ "
" ഊൗം "
" വണ്ടി വരാറായില്ലേ ? നീ ഇപ്പോഴും സ്റ്റേഷനിത്തന്നെയാണോ ? "
" ഇല്ല വന്നിട്ടില്ല . അര മണിക്കൂറു കൂടിയുണ്ട് "
"ഭക്ഷണം എന്തെങ്കിലും കഴിച്ചുവോ? നല്ലോണം ശ്രദ്ധിച്ചു പോകണേ ? "
" ഹൂ ... അമ്മേ ഞാനെന്താ കൊച്ചു കുട്ടിയാണോ , എടക്കെടക്ക് വിളിച്ചു ഇത് തന്നെ പറയാന്‍?" . നവീദ് ദേഷ്യപ്പെട്ടു .
" അമ്മ പറഞ്ഞൂന്നെള്ളൂ . എത്തിയാ ഉടനെ വിളിക്കണം. അമ്മ പറയാറുള്ള പോലെ  ഇടക്കെപ്പോഴെങ്കിലും (നിശ്ശബ്ദം) അമ്പലത്തിലുമൊക്കെ പോവണം ."

ഫോണ്‍ ഡിസ്കണക്ടാക്കി . തൊഴാന്‍ പോകാത്ത ഒറ്റക്കൊറവേ ഉള്ളൂ. ബാക്കിയെല്ലാമായി. പറഞ്ഞിട്ട് കാര്യമില്ല. എതിര്‍ത്തു പറഞ്ഞാല്‍ അതിന്റെ വേവലാതിയില്‍ ആയിരിക്കും പിന്നീടുള്ള വിളികളെല്ലാം. ട്രെയിന്‍ വരാനിനിയും സമയമുണ്ട് . പ്ലാറ്റ് ഫോമില്‍ തിരക്ക് തുടങ്ങിയിട്ടില്ല . ഒരു കരയില്‍ നിന്ന് മറുകരയിലേക്കെന്ന പോലെ റെയില്‍ പാളങ്ങള്‍ മുറിച്ചു കടക്കുന്ന ആളുകള്‍ അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട് . 

പ്രധാന പ്ലാറ്റ്ഫോം വിട്ടകന്നു  ദൂരത്തൊരു ബഞ്ചിലാണ് നവീദ് ഇരിക്കുന്നത്. നീണ്ടു കിടക്കുന്ന പ്ലാറ്റ്ഫോമില്‍ മൂന്നോ നാലോ ബഞ്ചുകള്‍ കൂടി ആരെയോ കാത്തു കിടന്നു. കമ്പികള്‍ പുറത്തേക്ക് തള്ളി രൂപമാറ്റം പ്രാപിച്ചു കൊണ്ടിരിക്കുന്ന ബഞ്ചുകളിലൊന്നിൽ കാലുകള്‍ കയറ്റി വെച്ച് നവീദ് നിവര്‍ന്നിരുന്നു . മിക്കതിനടിയിലും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു


നവീദിരിക്കുന്ന ബെഞ്ചിനു പുറകിലായി പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന ഒരു നാടോടിക്കുടുംബമുണ്ട്. കലഹത്തിനിടയില്‍ ഫാക്ടറിയില്‍ നിന്ന് മുഴങ്ങുന്ന അലാറം കണക്കെ ഉച്ചത്തില്‍ കരയുന്ന ചപ്രത്തലയന്‍ ആണ്‍കുട്ടി. പ്ലാട്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇരുമ്പിന്റെ തുരുമ്പിച്ച  നടപ്പാലമിറങ്ങി വന്ന മാന്യന്മാരില്‍ ഒരുവന്‍ നാടോടിപ്പെണ്ണിന്റെ അടിവയറിലേക്കു കൂര്‍പ്പിച്ചു നോക്കുന്നത് കണ്ടപ്പോള്‍ നവീദ് മനസ്സില്‍ ശപിച്ചു .
" ബാസ്റ്റാഡ് "
എതിര്‍വശത്ത് ആല്‍മരങ്ങളും പാലമരങ്ങളും നിറഞ്ഞ കൊച്ചു കാടിന് നടുവില്‍ ഓടു പുതച്ച പഴയ ഒരു ക്ഷേത്രം കാണാം. അവിടെ വലിയ ആല്‍മരത്തില്‍ വവ്വാലുകള്‍ തൂങ്ങിക്കിടന്നു. തീവണ്ടികളുടെ മുഴക്കങ്ങളില്‍ അവ ചില്ലകള്‍ വിട്ടുയര്‍ന്നു മേഘങ്ങളില്ലാത്ത ആകാശത്തേക്കുയര്‍ന്നു , തിരികെ യഥാസ്ഥാനങ്ങളില്‍ വന്ന്  നിശ്ചലമാവുന്നു. ഇരുട്ടു പരക്കുന്ന പരിസ്ഥിതിയെ  കണ്ണുകളില്‍ ലാട വിളക്കു തെളിയിച്ച് നവീദ് സാകൂതം നോക്കിക്കാണുകയായിരുന്നു. 

ഊഷരമായ കോണ്ക്രീറ്റ് പാടങ്ങള്‍ വനഭൂമിയായി മാറുന്നു. ആസ്ബറ്റൊസു പാകിയ കെട്ടിടങ്ങള്‍ ചെറുമരങ്ങളായി . പൊന്തക്കാടുകളായി തട്ടുകടകളും , ഉന്തു വണ്ടികളും രൂപം പ്രാപിച്ചു . പുളഞ്ഞു പോകുന്ന റെയില്‍ പാളം വെള്ളിനീരൊഴുക്കുന്ന കാട്ടരുവിയായി . പ്ലാറ്റ് ഫോമിലെ പട്ടികളും, പൂച്ചകളും , മരച്ചില്ലകളിലെ  പറവകളും മനുഷ്യരായി വസ്ത്രമുടുത്തു. ചുറ്റുമുള്ള മനുഷ്യരോ  മൃഗങ്ങളുമായി മാറി യഥേഷ്ടം വിഹരിക്കാന്‍ തുടങ്ങി. നശിപ്പിക്കാനായി മാത്രം കാട് കേറുന്ന മനുഷ്യർ! 
കാട് കൊടും കാട്. നവീദ് ഉള്ളില്‍ ചിരിച്ചു . ഊടു വഴികളിലൂടെ ആരണ്യത്തിനകത്തേക്കൂളിയിട്ടു . ഫോണ്‍ ശബ്ദിച്ചു തുടങ്ങുന്നു .  
" ഹേയ് നവീദ് " 
ഭുവനന്റെ ശബ്ദമാണ് . 
" ന്താടോ ?" 
" നീ ഇപ്പോഴും പുറപ്പെട്ടില്ലേ ?" 
" അതേടോ കാലാ പുറപ്പെടാണ് . കൊച്ചുവേളിക്ക്  , ഞാനിപ്പോ സ്റ്റേഷനിലാണെടോ . എന്തായാലും നട്ടപ്പാതിരാക്ക്‌ പ്രതീക്ഷിച്ചോ ഹ്ഹ്ഹ  " 
" എന്നാ താനൊരേകദേശ സമയം പറ . ഞാനും രാമും കൂടി സ്റ്റേനില് വണ്ടിയായി വരാ  " . 
" വേണ്ടാ .. ഞാനോട്ടോ പിടിചു വന്നോളാം " .
" നവീദ് ,, കളിക്കല്ലേ, നേരെ ഇങ്ങോട്ട് തന്നെ വരണേ. അവര് വിളിച്ചു ഇവരെക്കണ്ടു എന്നൊക്കെ പറഞ്ഞു വഴീന്നു അങ്ങോടുമിങ്ങോടും തിരിയാന്‍ നിക്കരുത്‌ പ്ലീസ് . ഇവിടെ എല്ലാരും എല്ലാം റെഡിയാക്കി നിക്കാണ് . ക്യാമ്പിനു ആറുമണിക്ക് തന്നെ പുറപ്പെടണം . വൈകിയാ എല്ലാ ഷെഡ്യൂളും തെറ്റും .. മറക്കരുത് " .
" ഹൂ .. ഹ്ഹ്ഹ് " 
ഭുവനെ കളിയാക്കാനായി വെറുതെ ഒന്ന് ചിരിച്ചു .
" പ്ലീസ് നവീദ് , എല്ലാം നിസ്സാരമാക്കരുത് . എന്നെ കുഴപ്പിക്കരുത് പ്ലീസ് "
" എത്തിക്കൊള്ളാമെടാ  അളിയാ . നീ ടെന്‍ഷനടിക്കേണ്ട "
" ആ പിന്നൊരു കാര്യം തന്നെ തന്റെയാ ആഗ്നസ് അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു . നീ ബന്ധപ്പെട്ടിരുന്നില്ലേ ? " 
നവീദ് നിശ്ശബ്ദനായി . ' ശരി ' യെന്നു പറഞ്ഞു ഫോണ്‍  കട്ട് ചെയ്തു.
 ' ആഗ്നസ് ' ; 
പ്രണയത്തിനും ജീവിതത്തിനുമിടയിലെ അര്‍ത്ഥതലങ്ങള്‍ ബോധ്യപ്പെടുന്നത് ആഗ്നസ്സിന്റെ സാമീപ്യത്തിലാണ് . തന്റെ വേവലാതികള്‍ക്കൊരുത്തരം. പക്ഷെ അമ്മയുടെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കണമെന്നാണു തിട്ടമില്ലാത്തത് . രണ്ടു വിശ്വാസങ്ങള്‍ , രണ്ടു തരം ആചാരങ്ങള്‍ , രണ്ടു സാമൂഹിക തലങ്ങള്‍. എല്ലാം വലിച്ചു പൊട്ടിക്കണോയെന്നു ഒരുപാടാലോചിച്ചതാണ് . ഉണ്ടായേക്കാവുന്ന ഭൂകമ്പമോര്‍ക്കുമ്പോള്‍ മനസ്സ് ശൂന്യമാകുന്നു. വല്ലാത്ത ലോകം തന്നെ.  തീവണ്ടിപ്പാളങ്ങള്‍ക്ക് അങ്ങേയറ്റത്ത് വഴിക്കണ്ണുമായി ആഗ്നസ് നില്പുണ്ടാവാം . നവീദ്  മൊബൈലില്‍ അവളുടെ ചിത്രം വെറുതെ നോക്കി ഇരുന്നു. 

പ്ലാറ്റ് ഫോറത്തെ തഴുകി വേനല്‍ക്കാറ്റ് അവിടവിടെ ചുറ്റിത്തിരിഞ്ഞു . അല്‍പ നേരം തങ്ങി നിന്ന് മുളങ്കൂട്ടങ്ങള്‍ ഇഴചേര്‍ന്ന് നില്‍ക്കുന്ന കുന്നിന്‍ ചരിവിലേക്ക്‌ പ്രയാണം ചെയ്തു.  ജനസഞ്ചയത്തിനിടയിലും സ്വകാര്യ ചിന്തകള്‍ നവീദിനെ ഊമയാക്കി. സമയം കൊല്ലാനായി  നെറ്റ്-വര്‍ക്കില്‍ മുങ്ങിത്തപ്പി . ആഗ്നസ്സിന്റെ മെസ്സേജുണ്ട് . 
"വേവലാതികളില്‍ ഞാന്‍ മുങ്ങിയിരിക്കുന്നു നവീദ് . നിന്റെ മൌനം പോലും വലിയ വാക്കുകളായി മാറുന്നു ചില നേരത്ത് . മറ്റൊന്നുമോര്‍ക്കാതെ നമുക്കീ കൂട്ടില്‍ ചേക്കേറാം . പരസ്പരം കൊക്കുകളുരുമ്മി നമുക്കീ മഞ്ഞിലുറങ്ങാം. ചുറ്റുപാടുകളെന്ന ചില്ലു പാത്രങ്ങളെ ഉടച്ചെറിയുക. ഇവിടെ ഈ നാല്‍ക്കവലയില്‍ നിന്നെ കാത്തു  ഞാനിരിപ്പുണ്ട്  ."

എന്ത് മറുപടി വിടണമെന്ന് തിട്ടമാവുന്നില്ല . നേരിട്ടു കണ്ടു ചിലത് പറയുന്നതാണ് നല്ലത് . മെഴുകി മിനുക്കിയില്ലെങ്കില്‍ എല്ലാമെല്ലാം ക്ലാവ് പിടിച്ചു കറുത്തു പോകുന്നു. 
" സര്‍ , ഒരു ബീഡി തര്വോ ?" 
മണ്ണ് പുരണ്ട വസ്ത്രങ്ങളും, എണ്ണ തൊടാത്ത തലമുടിയും നീളന്‍ താടിയുമുള്ളൊരു ഭ്രാന്തന്‍ മുന്നില്‍ വന്നു നിന്നു നവീദിനു നേരെ കൈ നീട്ടി . ' ഇല്ല ' എന്ന് തലയിളക്കി ആംഗ്യം കാണിച്ചിട്ടും ഭ്രാന്തന്‍ പോകുന്ന മട്ടില്ല . പോക്കറ്റില്‍ നിന്ന് അഞ്ചു രൂപാ നോട്ടെടുത്ത് നീട്ടി . അത് വാങ്ങി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാളകന്നു പോയി . 

വിളര്‍ത്തു വരണ്ട ഉഷ്ണക്കാറ്റു  ഒരിക്കല്‍ കൂടി നവീദിനെ തഴുകി. മൊരിഞ്ഞ സമ്മൂസയുടെയും , ബോണ്ടായുടെയും മണം പരത്തുന്ന തട്ടുകടയില്‍ നിന്നു കിഷോര്‍ കുമാറിന്റെ മാധുര്യമുള്ള ശബ്ദത്തില്‍ പഴയൊരു ഹിന്ദി ഗാനം പ്ലാറ്റ് ഫോമില്‍ ഒഴുകിപ്പരന്നു .  " മേരാ നൈനാ സാവന്‍ ബാദോം , ഫിര്‍ഭി മേരാ മന്‍ പ്യാസാ .." കാറ്റായിപ്പരക്കുന്ന ദാഹാര്‍ത്തമായ പ്രണയം . മൊബൈല്‍ സ്ക്രീനില്‍ ആഗ്നസ്സിന്റെ  അര്‍ദ്ധനഗ്നശരീരം  വിളര്‍ത്തു കിടക്കുന്നു. പ്ലാറ്റ്ഫോമിന്നോരത്തെ കുറ്റിച്ചെടികള്‍ കാറ്റില്‍ പരസ്പരം ഇറുകിപ്പുണരുന്നു.
" ഭൈയാ ... ഓ . ഭൈയാ ... "
തളര്‍ന്ന ശബ്ദത്തിലാരോ വിളിക്കുന്നു . നവീദ് കണ്ണ് മിഴിച്ചു നിവര്‍ന്നിരുന്നു . നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മൂക്കിളയൊലിപ്പിച്ചു മുന്നില്‍ നിന്ന് ഷര്‍ട്ടില്‍ തോണ്ടി വലിക്കുന്നു . അവളുടെ ചെമ്പിച്ച തലമുടി കാറ്റില്‍ ഉലഞ്ഞു. മുട്ടോളമെത്തുന്ന പെറ്റിക്കോട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ ശകലങ്ങള്‍. നവീദ് വെറുപ്പോടെ മുഖം കോട്ടി.

അവളുടെ വരണ്ട മുഖത്തെ കണ്ണുകള്‍ക്ക്‌ മാത്രം അല്പം തെളിച്ചമുണ്ട്  . മൂക്കിള ഉണങ്ങിപ്പറ്റിയ കവിളുകള്‍ വിടര്‍ത്തി ,കറപുരണ്ട പല്ലുകള്‍ കാണിച്ച് അവള്‍ നവീദിനെ നോക്കി ചിരിച്ചു. പുറകില്‍ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ വ്യംഗ്യമായ ഭാഷയില്‍ ഉച്ചത്തിലെന്തോ പറഞ്ഞു. അവരുടെ സാരിയില്‍ പറ്റിയിരുന്ന് ഒരു ചെറിയ കുഞ്ഞ്  ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു . അമ്മയെ ഒന്ന് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി വീണ്ടും നവീദിന്റെ ഷര്‍ട്ടില്‍ മുറുകെപ്പിടിച്ചു . 
" ഭൈയാ ... കുച്ച് ദേദോ ഭൈയാ ..... "
കോലാഹലങ്ങള്‍ക്കിടയില്‍ അകലെ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കായി . അടുത്തു വരുന്ന തീവണ്ടിയില്‍ കയറിപ്പറ്റാനായി ആളുകള്‍ പെട്ടികളും സാമാനങ്ങളുമായി പ്ലാറ്റുഫോമിലൂടെ പരക്കം പാഞ്ഞു .ഷര്‍ട്ടില്‍ മുറുകിയ കൊച്ചു കൈകളെ നവീദ് അല്പം ബലമായടര്‍ത്തിമാറ്റിയപ്പോള്‍ വാശിക്കെന്ന പോലെ അവള്‍ വീണ്ടും പിടിച്ചു. അല്പം ശക്തിയോടെ തന്നെ അവളെ തള്ളി മാറ്റി. 
ഒരു നിമിഷം. അവളുടെ തിളക്കമുള്ള കുഞ്ഞിണ്ണുകള്‍ അവന്റെ മുഖത്തു നിശ്ചലമായി. നോക്കി നില്‍ക്കെ , നവീദിന്റെ മടിയില്‍ നിന്ന് ഐഫോണ്‍ കൈക്കലാക്കി പ്ലാറ്റ് ഫോമിനടുത്തുള്ള തൈപ്പൊന്തകള്‍ക്കരികിലൂടെ  കുണുങ്ങിചിരിച്ചു അവൾ മുന്നോട്ടോടി . കൂടെയുണ്ടായിരുന്ന സ്ത്രീ അവളെ നോക്കി കടുപ്പിച്ചൊന്നു അലറി . അവളുടെ മുഖം മ്ലാനമാവുന്നത് കണ്ടു . പുറകെ ഓടിയെത്തുന്ന നവീദു കാണ്‍കെ ഐഫോണ്‍ അവള്‍ കാട്ടു പൊന്തകള്‍ക്കിടയിലെക്കേറിഞ്ഞു ! 

പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ വന്നു നിന്നു . ഒറ്റ നിമിഷം കൊണ്ടവിടം ജനനിബിഡമായി . മൂത്രം നാറുന്ന കാട്ടുപൊന്തകള്‍ക്കടുത്തുനിന്ന്  തിളയ്ക്കുന്ന കണ്ണുകളോടെ നവീദ് തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കവിളുകളില്‍ അമ്മ ആഞ്ഞടിക്കുന്നത് കണ്ടു . പുറംകയ്യാല്‍ മൂക്കിള  തുടച്ചു അവള്‍ നവീദിനെ നോക്കി വിതുമ്പി . കണ്ണുനീര്‍ അവളുടെ മിഴികളുടെ തിളക്കം നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു . അമ്മ അവളെയും വലിച്ചിഴച്ചു തീവണ്ടിയുടെ ബോഗിക്കുള്ളിലേക്ക് കയറിപ്പോകുന്നത് അത് വരെ അടങ്ങാത്ത ദേഷ്യത്തോടെ  നവീദ് നോക്കി നിന്നു . 

പാടുപെട്ട് മൊബൈല്‍ഫോണ്‍ തപ്പിയെടുത്തപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്ഫോം വിട്ടിരുന്നു. ക്ഷോഭം തീര്‍ക്കാനായി നിലത്തു ആഞ്ഞാഞ്ഞു ചവിട്ടി . തിരികെ ബഞ്ചില്‍ വന്നിരുന്നു . ഇറങ്ങാന്‍ നേരം അമ്മ കയ്യില്‍ കെട്ടിയ ജപിച്ചെടുത്ത രക്ഷ വലിച്ചു പൊട്ടിച്ചു തീവണ്ടിച്ചക്രങ്ങളുരഞ്ഞു തേഞ്ഞ റെയില്‍വേ ട്രാക്കിലേക്കെറിഞ്ഞു . കുറേ നേരം അങ്ങനെത്തന്നെ  ഇരുന്നു . ഭുവനെ വിളിച്ചു . മറു ചോദ്യങ്ങള്‍ക്കിടം കൊടുക്കാതെ സംഭവിച്ചത് മാത്രം പറഞ്ഞു . അവന്റെ പ്രതികരണങ്ങള്‍ക്കു കാക്കാതെ ഫോണ്‍ വെച്ചു . 

യാത്രക്കാര്‍ ഒഴിഞ്ഞതോടെ സ്റ്റേഷന്‍ പഴയ പടിയായി. വെയിലിൽ തളർന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റു മേലുറകള്‍ അന്തിക്കാറ്റില്‍ തണുത്തുറയാന്‍ തുടങ്ങി . ആല്‍മരങ്ങളിലെ വവ്വാലുകള്‍ ചില്ലകളുപേക്ഷിച്ചു ഇരുളിന്റെ കൂടാരങ്ങള്‍ തേടിപ്പോയി . അടുത്ത ട്രയിനിനു ടിക്കറ്റു  ശരിയാക്കി, ഭക്ഷണം കൂടി കഴിഞ്ഞപ്പോഴേക്കു ഏതാണ്ട് ഒന്നര മണിക്കൂറോളം പിന്നിട്ടു പോയിരുന്നു .പെരുകുന്ന വിചാരങ്ങലോടെ അസ്വസ്തനാകവേ വീണ്ടും ഫോണടിച്ചു. 'അമ്മയാണ് . ഒരു പാട് പറയാനുണ്ടാവും . വിശദീകരിക്കാനും' എടുക്കേണ്ടയെന്നു തീരുമാനിച്ചു . ഒരു റിംഗിംഗ് ടോണ്‍ കട്ടായപ്പോഴേക്കും അടുത്ത കാള്‍ . അത് കട്ടാവുമ്പോള്‍ അടുത്തത് . തുടരെത്തുടരെ വിളികള്‍ വരുന്നു . ഒടുവില്‍ ഫോണെടുത്തു . അങ്ങേത്തലക്കല്‍ അമ്മാവന്റെ പരുത്ത ശബ്ദം  . ' ഹലോ ' പറയുമ്പോള്‍ അപ്പുറത്ത് നിന്ന്  ഒരു ദീര്‍ഘനിശ്വാസം ശ്രവിച്ചു . ആരെങ്കിലും സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പ് അമ്മ ഫോണ്‍ വാങ്ങി . 
" മോനേ ... നീ എവിടെയാ ? " . 
അമ്മ കരയുന്നുണ്ടെന്നു തോന്നി . 
" ഞാനിവിടത്തന്നെയുണ്ട്‌ .. സ്റ്റേഷനീത്തന്നെ . ട്രെയിന്‍ മിസ്സായിപ്പോയി . ഇനി കൊറേയങ്ങ്  പറയാന്‍ നിക്കല്ലേ .  അടുത്ത വണ്ടിക്കു തന്നെ പൊക്കോളാം " . 
ദേഷ്യം അമ്മയോടാണ് തീര്‍ക്കുന്നത് . കരയുന്നുവെന്നല്ലാതെ അമ്മയൊന്നും പറഞ്ഞില്ല . ഫോണ്‍ വാങ്ങിയ അമ്മാവനതു പറയുമ്പോള്‍ തണുത്ത സൂചി മേനിയിലാരോ കുത്തിയിറക്കുന്ന തോന്നലായിരുന്നു .
" എടാ , കൊച്ചുവേളി എക്സ്പ്രസ്സ്‌ പാളം  തെറ്റി നദിയിലേക്ക് വീണു . ഞങ്ങളെല്ലാരും വാര്‍ത്ത കണ്ടോണ്ടിരിക്കാണ് . നിന്നെ ദൈവം കാത്തു മോനേ  ".
നാവു മരവിച്ചു പോയി . താന്‍ പോകേണ്ടിയിരുന്ന ട്രെയിന്‍ ! 

ഉള്ളില്‍ ആയിരം മെഴുകുതിരികള്‍ കത്തിത്തെളിയുന്നു . മെഴുകുതിരികള്‍ക്കു മുന്നില്‍ ചില്ലിട്ട ചിത്രങ്ങളില്‍ അനേകം മുഖങ്ങള്‍ . അവക്കിടയില്‍ മൂക്കിളയൊലിക്കുന്ന മുഖം . കണ്ണുകള്‍ക്ക് അതേ തിളക്കമുണ്ട് . അടികൊണ്ട കരുവാളിച്ച കവിളുകളില്‍ പഴയ പുഞ്ചിരി ഉണ്ടായിരുന്നില്ല . നവീദിന്റെ നെഞ്ചിലൂടെ കടുത്ത വേദന ഉരുണ്ടിറങ്ങി . കണ്ണുകള്‍ നിറഞ്ഞു . നദിയുടെ ആഴങ്ങളില്‍ , തണുപ്പില്‍ കുഞ്ഞു മാലാഖ മരവിച്ചു കിടന്നു .(കൈരളിനെറ്റ് മാഗസിൻ ഏപ്രിൽ / 2013  ). 

55 comments:

 1. ബ്ലോഗ് കമന്റിലൂടെയാണ് ഇവിടെയെത്തിയത്.
  മനോഹരമായി കഥ പറയുന്നു താങ്കൾ..( മറ്റു ചില കഥകൾ കൂടി വായിച്ചു )

  എഴുതുന്നത് മറ്റുള്ളവർ കൂടി വായിക്കാനാണെങ്കിൽ, അതിനു വേണ്ടി കൂടി കുറച്ച് അദ്ധ്വാനിക്കുന്നത് മോശമാണെന്ന് കരുതുന്നില്ല.

  കമന്റ് വെരിഫിക്കേഷൻ ( മോഡറേഷൻ അല്ല, അത് താങ്കളുടേ ഇഷ്ടം ) മാറ്റുന്നത് നന്നായിരിക്കും.

  ReplyDelete
 2. വളരെ സൂക്ഷ്മമായ കഥാപാത്ര സൃഷ്ടി , ജീവിത യാഥാര്‍ത്യത്തോട് ഒട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ...വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല .മനോഹരമായ കഥ .തുടരുക

  ReplyDelete
 3. കമന്റെഴുതാന്‍ വയ്യ സുഹൃത്തെ .. മനസ്സിലിപ്പോഴും ഒരു നീറ്റല്‍.. കണ്മുന്നില്‍ മൂക്കളയൊലിപ്പിച്ച ആ പിഞ്ചു മുഖം..

  ReplyDelete
 4. valare nannaayittund suhruthe.. gambheera katha! iniyum ezhuthuka.. cheriya sambhavangalude ullile neeruravakal kandethaanakunna maalaakhakkannukal ningalkk ennum undayirikkatte! :)

  ReplyDelete
 5. nannayittund. valare nalla katha! cheriya sambhavangalude ullarakalile neeruravakal kandethaanulla maalaakhakkannukal ennum ningalk undayirikkatte! :)

  ReplyDelete
 6. ഓഹ് .. നല്ല കഥ..

  അവസാനം അപ്രതീക്ഷിതവും മികച്ചതുമായി

  ReplyDelete
 7. ആഖ്യാനത്തിലും ആവിഷ്കരണത്തിലും വ്യതസ്തയുണ്ട് . ജിവിതത്തെ അസായേസേന വരച്ചിടാനുള്ള കഥാകാരന്റെ കയ്യടക്കത്തിനു അഭിനന്ദനങ്ങള്‍ .

  ReplyDelete
 8. Doodumayethunna Malakhamar ...!

  Manoharam, Ashamsakal...!!!

  ReplyDelete
 9. Doodumayethunna Malakhamar...!

  Manoharam, Ashamsakal...! :)

  ReplyDelete
 10. അസ്സലായി എഴുതിയിരിക്കുന്നു ... എഴുത്തിലെ ഈ വ്യത്യസ്തത കാത്തുസൂക്ഷിക്കു ... ആശംസ്സകള്‍ , ഇനിയും എഴുതു ....:)

  ReplyDelete
 11. മനോഹരമായ ആഖ്യാനം. പറയപെട്ട കഥാതന്തുവെങ്കിലും പറഞ്ഞുവെച്ചത് പുതുമയൊട്ടും ചോരാതെ തന്നെ.
  ഈ ബ്ലോഗ് കൂടുതൽ വായനക്കാരിലേക്കെത്തേണ്ടതുണ്ട്. 

  ReplyDelete
 12. ബ്ലോഗെഴുത്തിടങ്ങളിൽ നല്ല ഒരു കഥാകൃത്തിനെക്കൂടി പരിചയപ്പെടാനായി....മറ്റു കഥകൾ കൂടി വായിക്കട്ടെ....

  ReplyDelete
 13. അവസാനം വരെ എന്താണ് പറയാന്‍ പോകുന്നതെന്ന് മനസ്സിലായില്ല. മനസ്സിലായിപ്പോഴാകട്ടെ അത് വരെ ശാന്തമായിരുന്ന മനസ്സ്‌ ഒന്ന് പിടഞ്ഞ് പ്രക്ഷുബ്ധമായി; ഒന്നുമല്ല ആ പെണ്‍കുട്ടി. നല്ല കഥ ആശംസകള്‍

  ReplyDelete
 14. ആമുഖമായി പറഞ്ഞിരിക്കുന്നത്‌ അക്ഷരാർത്ഥത്തിൽ ശരിയാണെന്നു ബോധ്യമായി സ്നേഹിതാ. നിശബ്ദമായി ഒഴുകുന്ന ഈ ആഴത്തെ അറിയാനായത്‌ ഭാഗ്യം. നല്ല കഥകളുടെ ഇടത്തിലെത്തിയെന്നത്‌ സന്തോഷം പകരുന്നു.


  ReplyDelete
 15. വ്യത്യസ്ഥൻ ! ഇഷ്ടപ്പെട്ടു.

  ReplyDelete
 16. പ്രതിഭാധനനായൊരു എഴുത്തുകാരനെ കാണുന്നു

  ReplyDelete
 17. അതി മനോഹരമായ ഒരു കഥ. വരികളില്‍ മുഴുകിയപ്പോള്‍ അവസാനം എത്തിയതറിഞ്ഞില്ല. അത്രത്തോളം ഒഴുക്കുള്ള രചന. ആശംസകള്‍..

  ReplyDelete
 18. നല്ല എഴുത്ത്, ആഖ്യാന ശൈലി.വായിച്ചിരുന്നു പോയി!നന്ദി വിഡ്ഢിമാനിരിക്കട്ടെ അല്ലെ?!
  ആശംസകള്‍

  ReplyDelete
 19. ഹൃദയ സ്പര്‍ശി ആയ രചന ...മാലാഖ കണ്ണുള്ള കുട്ടി മനസ്സില്‍ നിന്ന് മായുനില്ല...
  ആശംസകള്‍ ...

  ReplyDelete
 20. ഇങ്ങനെ, ആഴമുള്ള പുഴയിൽ നീന്തുന്നതിന്റെ കുളിമ്മ ലഭിക്കുന്നത് വല്ലപ്പോഴുമാണ്. നന്ദി, വിഡ്ഡിമാൻ.

  ReplyDelete
 21. നല്ലിടങ്ങളില്‍ ആളെണ്ണം കുറയും . നല്ലതാണ് തിരക്കില്ലാതെ ആസ്വദിക്കാന്‍ കഴിയും .. ആശംസകള്‍ .

  ReplyDelete
 22. മൂക്കിളയൊലിപ്പിക്കുന്ന ആ പെൺകുട്ടിയുടെ ഓർമ്മ,'കുഞ്ഞു മാലാഖ'യായി മരവിച്ചു കിടക്കണ്ടായിരുന്നു,കിടത്തണ്ടായിരുന്നു.

  ഒരു സിനിമ ആസ്വദിക്കുന്ന പോലെ നന്നായി ആസ്വദിച്ച് വായിച്ചു.മനോജേട്ടന് നന്ദി.
  ആശംസകൾ.

  ReplyDelete
 23. ഈ ബ്ലോഗിലേക്ക് നയിച്ച വിഡ്ഢിമാന് നന്ദി. നല്ല ഒരു കഥ വായിക്കാനായതില്‍ സന്തോഷം

  ReplyDelete
 24. ഇനിയുമുനിയും എഴുതൂ....ഭാവുകങ്ങള്‍!!!!

  ReplyDelete
 25. മനോഹരമായ എഴുത്ത്. സുന്ദരമായ ഭാഷയും അവതരണവും. കഥകളുടെ വിസ്മയങ്ങള്‍ ഇനിയും തീര്‍ക്കൂ സുഹൃത്തേ...

  ReplyDelete
 26. അസ്സലായി എഴുതിയിരിക്കുന്നു ... എഴുത്തിലെ ഈ വ്യത്യസ്തത കാത്തുസൂക്ഷിക്കു .

  ReplyDelete
 27. മനോഹരമായ ആഖ്യാന മികവിനാല്‍ വായനക്കാരനെ കഥയുടെ അഭൌമ തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോവുന്ന ഈ എഴുത്തുകാരന്റെ ബ്ലോഗ്ഗ് കാണാന്‍ വൈകി.

  വായിച്ചതത്രയും ഗംഭീരം എന്ന് പറഞ്ഞു മടങ്ങട്ടെ... ഇനിയും വരാം

  ReplyDelete
 28. മാലാഖക്കണ്ണുള്ള പെണ്‍കുട്ടി ,ഉള്ളില്‍ ഒരു നൊമ്പരമായി .ആശംസകള്‍ !

  ReplyDelete
 29. താങ്കള്‍ക്കു അക്ഷരങ്ങള്‍ എന്തെന്നും അവയുടെ ഉപയോഗം എന്തെന്നും അറിയാം...
  ശക്തമായ രചന..
  ആശംസകള്‍

  ReplyDelete
 30. ഹോ .... തീവ്രം സുഹൃത്തേ....
  മനസ്സിന്‍റെ മറഞ്ഞിരിക്കുന്ന നോവിനെ തോട്ടുനര്താന്‍ കഴിവുള്ള എഴുത്തു കാരന് പ്രണാമം .... കലങ്ങിപ്പോയ മാലാഖ കണ്ണുകള്‍ നോവിന്റെ നീര്‍ കണങ്ങളാകുന്നു

  ReplyDelete
 31. ഈ നല്ലകഥ ഞാനും വായിച്ചു..!

  ReplyDelete
 32. ഇസ്മിലൈനും , ഇസ്ഹാഖിനും നന്ദി .

  ReplyDelete
 33. പ്രണയത്തിനും ജീവിതത്തിനുമിടയിലെ അര്‍ത്ഥതലങ്ങള്‍ ബോധ്യപ്പെടുന്നത്
  ആഗ്നസ്സിന്റെ സാമീപ്യത്തിലാണ് . തന്റെ വേവലാതികള്‍ക്കുള്ള ശരിയുത്തരം.
  പക്ഷെ അമ്മയുടെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കണമെന്നാണു തിട്ടമില്ലാത്തത് .
  രണ്ടു വിശ്വാസങ്ങള്‍ , രണ്ടു തരം ആചാരങ്ങള്‍ , രണ്ടു സാമൂഹിക തലങ്ങള്‍ . എല്ലാം
  വലിച്ചു പോട്ടിക്കണോയെന്നു ഒരുപാടാലോചിച്ചതാണ് . ഉണ്ടായേക്കാവുന്ന ഭൂകമ്പമോര്‍ക്കുമ്പോള്‍
  ചിന്തകളില്‍ കൊളുത്ത് വീഴുന്നു . പടികേറിക്കയറുന്ന അസ്വസ്ഥതയെ തടഞ്ഞു നിര്‍ത്താനാവാതെ നവീദ് കുഴങ്ങി . വല്ലാത്ത ലോകമെന്നു മനസിലോര്‍ത്തു

  ReplyDelete
  Replies
  1. ഹ്മം - :) .. എല്ലായിടത്തും .എത്തി . നന്ദി

   Delete
 34. മനോഹരമായ എഴുത്ത്. സുന്ദരമായ ഭാഷയും അവതരണവും. കഥകളുടെ വിസ്മയങ്ങള്‍ ഇനിയും തീര്‍ക്കൂ സുഹൃത്തേ...
  www.hrdyam.blogspot.com

  ReplyDelete
  Replies
  1. വിശദ വായനക്ക് നന്ദി .. ഒരു പാട്

   Delete
 35. വായിക്കാന്‍ വൈകി...എങ്കിലും നല്ല സുഖം നല്‍കി..
  പ്രതീക്ഷകളിലേക്ക് വഴുതി വീഴാതെ പലപ്പോഴും മാറി സഞ്ചരിച്ച ഒരു കഥ....വളരെ ഇഷ്ടപ്പെട്ടു..
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ കഥ എനിക്ക് ഒരു പിടുത്തം തന്ന കഥയാണ്‌ .. അത് കൊണ്ട് തന്നെ ഇതിനെ സ്നേഹിക്കുന്നു ,

   Delete
 36. എത്തിപ്പെടാൻ വൈകി, തുടക്കവും ഒടുക്കവും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.., ഇടയിലുള്ള കാത്തിരിപ്പിന്റെ ട്രെയിൻ മിസ്സായത്, കുറച്ച് നീൾം കൂട്ടി

  ഏറ്റവും അടുപ്പമുള്ളവരോട് നമുക്ക് തോന്നുന്ന ഒരു ഇറിറ്റേഷൻ മനോഭാവം വളരെ നന്നായി അവതരിപ്പിച്ചു.

  ആശംസകൾ മാത്രം

  ReplyDelete
  Replies
  1. അച്ചടിക്കുകയാനെങ്കിൽ ഇത് രണ്ടു പേജു പോലും വരില്ല . നേരിട്ട് പെട്ടെന്ന് കാര്യം പറയുമ്പോൾ വേണ്ടത്ര എശൂല്ല ! ഇല്ലേ ?
   വായനക്കാരനെ വഴി തെറ്റിപ്പിക്കുക . വിചാരിക്കാത്ത രീതിയിൽ ഒടുക്കുക ..
   വരവിനു നന്ദി . :D

   Delete
 37. വിരസതയുടേയും നിസ്സംഗതയുടേയും മറ്റുള്ളവരുടെ പ്രതീക്ഷകളെ ത്ര്‌പ്തിപ്പെടുത്താനാകാത്തതിന്റെ നിസ്സഹായതയുടെയും ഭാവങ്ങളാൽ ഊടും പാവും നെയ്ത രചന പൊടുന്നനെ വിധിയുടെ വിളയാട്ടങ്ങൾക്ക് കരുക്കളാകാൻ വിധിക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ അപ്രവചനീയതയിലേയ്ക്ക് ഗതിമാറുന്നത് ഒരാഘാതത്തോടെ അനുഭവിപ്പിച്ചു ഈ വായന. ഭാഷാപ്രയോഗവും ശൈലിയും എടുത്തുപറയത്തക്ക മേന്മയുള്ളതാണ്. ആശംസകൾ.

  ReplyDelete
  Replies
  1. അത് തന്നെയാണ് ഇവിടത്തെ പ്രദിപാദ്യവും !
   ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം നിശ്ചലമാവുന്നത് എന്ന ചിന്ത നമ്മെ നല്ലവരായി ജീവിപ്പിക്കും എന്ന് തന്നെയാണ് എന്റെ തോന്നലും ... നന്ദിയുണ്ട്

   Delete
 38. "ഒവ് ! സ്റ്റുപ്പിട് "

  'പ്ലാറ്റ്ഫോമില്‍ മൂന്നോ നാലോ ബഞ്ചുകള്‍ കൂടി ആരെയോ കാത്തിരുന്നു'

  കഥയെക്കാള്‍ മനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞത് ഈ രണ്ട് പ്രയോഗങ്ങള്‍ ആയിരുന്നു.. ഇക്കയുടെ കഥ പറച്ചില്‍ ശൈലി എന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. (ചില കഥകളില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ചുറ്റുവട്ടങ്ങളെ വരച്ച് കാണിക്കുന്നതില്‍ ഇക്ക കാണിക്കുന്ന മികവ് എടുത്തു പറയാതെ വയ്യാ..) ഇഷ്ടായി... :)

  ReplyDelete
  Replies
  1. വിശദ അഭിപ്രായത്തിനും , സപ്പോർട്ടിനും നന്ദി . അഭിപ്രായങ്ങളിൽ നിന്ന് ഇരുത്തി വായിച്ചിട്ടുണ്ടെന്നു മനസ്സിലായി . സന്തോഷം .
   സംഗീത് അങ്ങനെ ചില പ്രയോഗങ്ങൾ കഥയ്ക്ക് ഭംഗി കൂട്ടും എന്നാ ഒരു ധാരണയിൽ ആണത് . മനസ്സിലാവാത്ത ഒരു പ്രശ്നം ഉണ്ടോ മറ്റു കഥകൾ ? ( ദൈവം മരിച്ച നാൾ ഓ കെ )

   Delete
 39. സംഗീതിന്റെ കമന്റിലൂടെ ആണ് ഈ കഥയിലേക്ക് എത്തിപ്പെട്ടത്. അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്‌ ഉണ്ടാക്കി കഥയില്‍ അത് മനോഹരമായി. പക്ഷെ ആ കുഞ്ഞിന്റെ കണ്ണുകള്‍ മെഴുകുതിരി വെളിച്ചത്തിലെ പ്രാര്തനയിലെക്ക് മാത്രേ ഉള്ളോ എന്നൊരു സംശയം വായനക്കാര്‍ക്ക് (എനിക്ക്) ഉണ്ട്. പല സൂക്ഷ്മ വിശദീകരണങ്ങളും മനോഹരമായിരിക്കുന്നു ... അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. തീര്ച്ചയായും അല്ല - പക്ഷെ ഇന്നിന്റെ സമൂഹത്തിനു ഒരു മെഴുകുതിരി വെട്ടത്തിന്റെ നിറം പോലും ഇല്ലാ എന്നത് ദുഃഖകരവും ... നന്ദിയുണ്ട് . വിശദ വായനക്ക്

   Delete
 40. മനോഹരമായ കഥാഗതി. എന്തിനാണ് ആ മൂക്കളക്കുട്ടി ഇടയ്ക്ക് കയറിവന്നതെന്ന് ആലോചിച്ചിരുന്നു. ആദ്യ പാരയിലെ സ്വപ്നത്തിന്റെ പ്രസക്തിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ അമ്മയുടെ ഫോണ്‍കോള്‍...വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete

വായന അടയാളപ്പെടുത്താം