Apr 15, 2012

പെസഹാ ബലി

വ്രണങ്ങളില്‍ കയറു  മുറുകി വലിയുമ്പോഴൊക്കെ  ഉദിനീസ് വേദനയാല്‍ പുളഞ്ഞു കൊണ്ടിരുന്നു. ഇരു കൈകളും മുറ്റത്തെ മാവില്‍ ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു അയാള്‍. 

 'പുലര്‍ച്ചെ മാവിന്‍ തണലില്‍ ബന്ധിക്കപ്പെടുക ; വെയില് കേറുമ്പോള്‍ പുറകു വശത്തെ ചായ്പിലും '  ഉദിനീസിന്റെ ദിനചര്യകൾ ഇപ്പോഴിങ്ങനെയാണ്. ഉദിനീസിനു ഒന്നും ഓര്‍മ്മയില്ല . മുപ്പത്തിമൂന്നു കൊല്ലം തണലായി നിന്ന ഭാര്യ കൊച്ചു ത്രേസ്യായുടെ വിയോഗം  പോലും മറവിരോഗം ബാധിച്ച  ഉദിനീസ് അറിഞ്ഞിരുന്നില്ല. മാറി മാറി വീഴുന്ന ഇരുളിലും പടരുന്ന വെയിലിലും  ഉദിനീസ് കൂടുതല്‍ കൂടുതല്‍ രോഗിയായി മാറിക്കൊണ്ടേയിരുന്നു . എല്ലാം മറന്നു കൊണ്ടും ഇരുന്നു . ആതുരാലയങ്ങളും , പിതാവിന്റെ ശുശ്രൂഷകളും കൂടി കൈവിട്ടപ്പോഴാണ് ഉദിനീസിന്റെ കൈകൾ എന്നെന്നേക്കുമായി കയറിൽ കുരുങ്ങിയത്. ഒന്നുമോര്‍ക്കാതെ , ഒന്നിനേയുമോര്‍ക്കാതെ മാവിന്‍ തണലിൽ ഉദിനീസൊരു സന്യാസിയായി.

" റോസ്യെ , അപ്പന് കഞ്ഞി കൊടുത്താടീ  ? "
പുറത്തു കാറ് തുടച്ചു കൊണ്ടിരുന്ന ജോണിക്കുട്ടിയുടെ ചോദ്യത്തിനുത്തരമായി കുണ്ടന്‍ പിഞ്ഞാണത്തില്‍ കഞ്ഞിയുമായി റോസി മാവിന്‍ ചുവട്ടിലെത്തി .
" പെട്ടെന്ന് കൊടുക്ക്‌ എല്ലാരും പള്ളീലെത്തിത്തൊടങ്ങി  "
അതു പറഞ്ഞ്‌ അയൽപക്കങ്ങളിലേക്ക് കണ്ണോടിച്ചു ജോണിക്കുട്ടി അകത്തേക്ക് കയറിപ്പോയി .
" ഇച്ചായാ , അപ്പനെ ചായ്പ്പിലേക്ക് മാറ്റിക്കേ . ഇനി തിരച്ചു വരുമ്പോഴേക്കും ഇവടെ വെയിലായിരിക്കും. പിന്നെ വല്ലോരും അതുമിതും പറയണത് കേക്കേണ്ടി വരും ".
ജോണിക്കുട്ടിയും , റോസിയും ചേര്‍ന്ന് ഉദിനീസിനെ ചായ്പ്പിലേക്ക് മാറ്റുമ്പോഴേക്കും അനിയന്‍ ജോസും , ഭാര്യ ലില്ലിയും , മക്കളുമെല്ലാം പള്ളിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു . ഉദിനീസ് ചായ്പില്‍ നിലത്തിരുന്നു .

"നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും , അതിന്റെ തൂവലുകള്‍ പൈമ്പൊന്നു കൊണ്ടും പൊതിഞ്ഞിരിക്കുന്നത്‌ പോലെ ആകുന്നു" 

ഏതോ മാലാഘ ഉദിനീസിന്റെ കാതുകളിൽ സങ്കീർത്തനം കേൾപ്പിച്ചു. അതിൻറെ പരിഹാസ്യമായൊരു പൊരുളാണ്  താനെന്ന മട്ടിൽ ആദ്യം മന്ദഹസിക്കുകയും തുടർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു.

അന്നു പെസാഹാപ്പെരുന്നാളായിരുന്നു. വീടുകളില്‍ നിന്നും കവലകളില്‍ നിന്നും പള്ളിയിലേക്കായി നടന്നു നീങ്ങുന്ന ജനങ്ങള്‍. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍ വരെ ഒരേ ദിശയിലേക്കു ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. എല്ലാ വഴികളും ഒരു ലക്ഷ്യത്തിൽ ചെന്നവസാനിക്കുന്നു. 

തിടുക്കത്തില്‍ ജോലികളൊക്കെ  തീര്‍ത്ത്‌   ജോണിക്കുട്ടിയും , റോസിയും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ്  കാലന്‍കുടയുടെ അഗ്രം മണ്ണില്‍ കുത്തിക്കുത്തി  വക്കച്ചന്‍ പടി കടന്നു വരുന്നത് കണ്ടത്. 
" വരുന്നുണ്ട് .. നാശം . വരാന്‍ കണ്ട നേരം  " .

റോസി പിറു പിറുത്തു .
ഉയരമുള്ള ഇരുമ്പു ഗേറ്റ് ചാരിയടച്ച്‌ മന്ദഗതിയില്‍ അയാള്‍ മുന്നോട്ടു വന്നു .
" പള്ളീലൊന്നും പോയില്ലേ ജോണ്യേ ,  ? "
 ഒരു ചോദ്യത്തോടെ വക്കച്ചന്‍ മുറ്റത്തു നിന്നു .
" ദാ , ഇറങ്ങായി " .
 ജോണിക്കുട്ടിയുടെ മറുപടി മുഴുവന്‍ ശ്രദ്ധിക്കാതെ വക്കച്ചന്‍ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു .
" ഉദിനീസെന്ത്യെ ? "
" പൊറകു വശത്ത്‌ ചായ്പ്പിലുണ്ട് " .

 ജോണിക്കുട്ടിയുടെ മറുപടിയില്‍  പ്രകടമായ  താല്‍പര്യക്കുറവു വക്കച്ചന്‍ ശ്രദ്ധിക്കാതിരുന്നില്ല . അയാള്‍ മാവിന്‍ ചുവട്ടിലേക്ക്‌ നോക്കി തുടര്‍ന്നു.

"ചായ്പില്‍ തന്നെ ആണല്ലേ. ഇന്നും അപ്പനെ ഇങ്ങനെ പൂട്ടി ഇടണോ, ഏതെങ്കിലുമൊരു മാനസിക രോഗാശുപത്രീലെങ്കിലും ?"
വക്കച്ചന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി .
" ശ്രമിക്കാഞ്ഞിട്ടാണോ . എല്ലാരും പറേണ കേട്ടാ ഞങ്ങളാരും ഒന്നും ചെയ്തില്ല എന്ന് തോന്നുമല്ലോ. എത്ര ആശുപത്രീല്‍ കാണിച്ചു , പണമെത്ര ചെലവാക്കി , കാശ് കൊറേ പോയിക്കിട്ടി എന്നല്ലാതെ  വേറെ എന്തേലും മാറ്റംണ്ടായോ? ഇനി മാറ്റംണ്ടാവാന്‍ പോണില്ലാന്ന് ഡോക്ടര്‍സ് ഒക്കെ പറഞ്ഞതല്ലേ ? എന്നിട്ടിപ്പോ എന്ത് ചെയ്യണംന്നാണ് എല്ലാരും പറയണത് ? "
ജോണിക്കുട്ടിയുടെ മറുപടി അല്‍പ്പം കടുപ്പത്തിലായിരുന്നു . വക്കച്ചന്‍ തലകുനിച്ചു കാലന്‍കുട മുറ്റത്തു കുത്തിക്കൊണ്ടിരുന്നു .
 തുടര്‍ന്നു.
"അല്ലാ ഒരു മനുഷ്യനല്ലേ , ഈ കയറിലിങ്ങനെ?"
"അഴിച്ചു വിട്ടാ അപ്പന്‍ മണ്ണ് വാരിത്തിന്നും . അകത്തു മൂത്രമോഴിക്കേം തൂറി വെക്കേം ഒക്കെ ചെയ്യും . കണ്ണീക്കണ്ടതൊക്കെ വലിച്ചിടും . എല്ലാരും ജോലിക്ക് പോണതല്ലേ ,റോസിയെക്കൊണ്ട്   ഒറ്റയ്ക്ക് ഇതൊക്കെ നോക്കാനൊക്ക്വോ?"
ജോണിക്കുട്ടി പറഞ്ഞു നിര്‍ത്തി .

വക്കച്ചന്‍ മിണ്ടാതിരുന്നു .  അയാളോടെന്ന പോലെ ചോദിക്കുന്നവരോടൊക്കെ മക്കളുടെ മറുപടി ഇത് തന്നെയായിരുന്നു. മണ്ണ് തിന്നുന്ന അപ്പനോടുള്ള കരുണയുടെ പേരിലും കൂടിയാണ്  ഉദിനീസിന്റെ കൈകളില്‍ കയറു കുരുങ്ങിയത് !

വക്കച്ചന്‍ ചായ്പ്പിലേക്ക് നീങ്ങി . ചായ്പിലെ തണുത്ത തറയില്‍ എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് ഉദിനീസ് ഇരിക്കുന്നു . വക്കച്ചന്‍ ഉദിനീസിന്നടുത്തിരുന്നു . അയാളുടെ പുറത്തു മെല്ലെത്തടവി . പതിഞ്ഞ സ്വരത്തില്‍ സ്നേഹത്തോടെ വിളിച്ചു .
" ഉദിനീസേ " .
സന്തത സഹചാരിയായിരുന്ന വക്കച്ചന്റെ ശബ്ദം കാതില്‍ വീണപ്പോള്‍ ഉദിനീസ് കണ്ണുകള്‍ തിരിച്ചു. ജീവിതത്തിൻറെ നിറങ്ങള്‍ കെട്ടു പോയ മിഴികൾ വക്കച്ചനെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അയാളുടെ കണ്ണുകളിൽ വെളിച്ചം വെക്കുന്നത് വക്കച്ചന്‍ കണ്ടു.

"ഉദിനീസേ" 
വക്കച്ചന്‍ അയാളുടെ കൈകളില്‍ പിടിച്ചു . ഉദിനീസിന്റെ കൈകളിലെ വ്രണവും , കരുവാളിച്ച മുഖവു,  അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു 
' പിതാവേ '

വക്കച്ചന്റെ നരച്ച താടി രോമങ്ങള്‍ വിറ കൊണ്ടു . കണ്ണുകളില്‍ ഒരു തുള്ളി നീരു പൊടിഞ്ഞു . കുറച്ചു സമയം കൂടി അവിടെ ചെലവഴിച്ചു അയാള്‍ തിരിച്ചു കോലായിലേക്ക് വന്നു.
"ച്ചിരി വെള്ളം വേണം ജോണ്യേ"
വക്കച്ചന്‍ ഉമ്മറപ്പടിയില്‍ കയറി ഇരുന്നു . ജോണിയോടായി തുടര്‍ന്നു .
"നിനക്കറിയോ? ഉദിനീസ് ഈ ഹൈറേഞ്ചിലെത്തുമ്പോ നീ വെറും കൈക്കുഞ്ഞാ, ജോസും, ജോമോളുമോന്നും ജനിച്ചിട്ടുണ്ടായിരുന്നില്ല"
"ഹും - തൊടങ്ങി ! കെളവന്  പഴമ്പുരാണം വെളമ്പാൻ കണ്ട നേരം"
അമര്‍ഷം പ്രകടമാക്കിക്കൊണ്ട് തന്നെ റോസി അകത്തേക്ക് കയറിപ്പോയി.

 " പള്ളിക്കൂടത്തിന്റെ പടി പോലും കാണാത്ത അവന്റെ അധ്വാനമാ നിങ്ങളെ ഒക്കെ ഈ നെലേലെത്തിച്ചത്. നെനക്ക് ഗവര്‍മ്മെണ്ട് ജോലി കിട്ടിയതും, ജോസിനു ബിസ്സിനസ്സ് തൊടങ്ങാനായതും, ജോമോളുടെ കല്യാണം നന്നായി നടന്നതും എല്ലാം അവന്റെ വിയര്‍പ്പാണെന്നു നിങ്ങള്‍ മറക്കരുത്. എന്നിട്ട് അവനാ ഇപ്പോ" വക്കച്ചന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

"നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല ; നിത്യ ജീവങ്കലേക്കു നില്‍ക്കുന്നതിനായിട്ടു തന്നെ  പ്രവര്‍ത്തിപ്പീന്‍ . അത് മനുഷ്യ പുത്രന്‍ നിങ്ങള്‍ക്ക് തരും . അവനെ പിതാവായ ദൈവം  മുദ്രയിട്ടിരിക്കുന്നു"

അത് വക്കച്ചന്റെ മസ്തിഷ്ക്ക മണ്ഡലങ്ങളിലെവിടെയോ മാറ്റൊലി കൊണ്ടു . റോസിയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ച ശേഷം അസ്വസ്ഥതയോടെ അയാള്‍ മുറ്റത്തേക്കിറങ്ങി. 
" അപ്പന് മരുന്നൊക്കെ കൊടുക്കാറുണ്ടോ ?"
വക്കച്ചന്റെ ആശങ്കക്കുത്തരമായി ജോണിക്കുട്ടി നിശ്ശബ്ദനായി .
" അപ്പനും , അമ്മച്ചീന്നും വെച്ചാ അവനു ജീവനായിരുന്നു " .
ദീര്‍ഘ നിശ്വാസത്തോടെ വക്കച്ചന്‍ പടി കടന്നു പോയി .


 
കാലം കടന്നു പോകെ ഉദിനീസിന്റെ ജീവിത ചക്രവാളങ്ങളിൽ കൂടുതൽ ഇരുട്ട് പടർന്നു. കൊച്ചുത്രേസ്യായുടെ മരണം കൂടിയായപ്പോൾ അത് പൂർണ്ണാവസ്ഥയിലായി.  അയാളുടെ ദേവാലയം ശൂന്യമാവുകയും , വിഗ്രഹങ്ങൾ പൊടി പിടിക്കുകയും ചെയ്തു.  
ജോണിക്കുട്ടിയും , റോസിയും കൂടി പള്ളിയിലേക്ക് പോയതോടെ വീട്ടിൽ അയാൾ മാത്രമായി. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ചായ്പിന്റെ ഒഴിഞ്ഞ മൂലയില്‍ ഉദിനീസ് ചാരി ഇരുന്നു. അയാളുടെ തലമുടി താഴ്ത്തി വെട്ടിയ നിലയിലായിരുന്നു.

" ഇച്ചായോ ". ഉദിനീസ് ചെവിയോര്‍ത്തു . കൊച്ചു ത്രേസ്യയുടെ ശബ്ദമാണല്ലോ അത്. അയാൾ നിര്‍ന്നിമേഷനായി ചുറ്റും നോക്കി. എന്തോ എത്തിപ്പിടിക്കാനെന്ന വണ്ണം കൈകള്‍ വായുവിലേക്കുയർത്തുകയും,  കൊച്ചു കുഞ്ഞിനെ പോലെ ശബ്ദമുണ്ടാക്കി വികലമായി ചിരിക്കുകയും ചെയ്തു.  ഇളയ മകന്‍ ജോസിന്റെ കല്യാണം കൂടി കഴിഞ്ഞതോടെ ഉദിനീസും, കൊച്ചു ത്രേസ്യയും ഏതാണ്ട് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ജീവ നിശ്വാസങ്ങള്‍ വീടിനുള്ളില്‍ മാത്രമൊതുങ്ങി. ഇരുട്ട് വീണാല്‍ കൊച്ചു ത്രേസ്യ ബൈബിള്‍ വായിക്കുന്നതു കേൾക്കുമ്പോൾ അയാൾ ശാന്തനാവുമായിരുന്നു.

" ദേ , നിങ്ങടെ അപ്പനെ വല്ല പ്രാന്താശുപത്രീലും കൊണ്ടാക്ക്. ഞങ്ങക്ക് പറ്റില്ല ഇങ്ങനെ തീട്ടോം , മൂത്രോം കോരാന്‍ "
റോസിയുടെ ശബ്ദമാണത് !
" എന്തൊരു നാശമാണിത് . അലമാരീലെ സാധനങ്ങളെല്ലാം വലിച്ചിട്ടിരിക്കുന്നത്  കണ്ടില്ലേ? "
ഇപ്പോൾ ഒച്ച വെക്കുന്നത് ജോസ്സാണ്.
" പൊറത്തൂന്നാരെങ്കിലും വന്നാ ഇങ്ങനെയുള്ള ഒന്നിനെ കാണിക്കാമ്പറ്റ്വോ "
അത് ലില്ലിയാണ് പറഞ്ഞത്. അവളുടെ ശബ്ദത്തിനാണ് കരകരപ്പുള്ളത്.
" അയ്യേ അപ്പാപ്പന്‍ കുശിനീല് അപ്പിയിട്ടേക്കണ് "
കൊച്ചുമക്കളാണ് തന്നെ കളിയാക്കിച്ചിരിക്കുന്നത്. അവരും തന്നെ വെറുപ്പോടെയാണ് നോക്കുന്നത്!

ചായ്പിലെ തൂണിനു കൂട്ടിരിക്കുമ്പോഴാണ് അയാള്‍ക്ക്‌ അങ്ങനെ ചിലതൊക്കെ ഓര്‍മ്മ വരുന്നത്.  ' തന്റെ വീട് , കൊച്ചു ത്രേസ്യാ , മക്കള്‍ , ചായ്പ് '. അങ്ങനെ ഓരോന്നായി . അപ്പോഴൊക്കെ കയറില്‍ നിന്നു രക്ഷപ്പെടാനായി പാടുപെട്ട് ശ്രമിച്ചു. എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കി ആ വൃദ്ധന്റെഓര്‍മ്മകളുടെ ശേഷിപ്പുകള്‍ എവിടെയെല്ലാമോ അലഞ്ഞു തിരിഞ്ഞു നടന്നു .

പെസഹാ ദിനത്തോടനുബന്ധിച്ചു  വിശ്വാസികള്‍ കുരിശു ചുമന്നു മലകള്‍ കയറിത്തുടങ്ങുന്നു . കുര്‍ബാനകളും , പ്രാര്‍ത്ഥനകളുമായി , ദേവാലയങ്ങള്‍ നിറഞ്ഞിരിക്കുന്നു . കുന്നിന്മുകളിലെ ദേവാലയത്തില്‍ നിന്നു വൈദികന്റെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ ഒഴുകി കാറ്റില്‍ തെന്നിത്തെന്നി ഒഴുകി നടക്കുന്നു.


ഇഴഞ്ഞു നീങ്ങുന്ന സമയ കാലങ്ങള്‍ ഉദിനീസിനെ അസ്വസ്ഥനാക്കിയതേയില്ല . കവലയിലെ ഉപദേശ പ്രസംഗങ്ങളൊന്നും ഇപ്പോള്‍ ഓര്‍മ്മയിലില്ല. ഒരു ശബ്ദങ്ങള്‍ക്കായും ഉദിനീസ് കാതോര്‍ക്കുന്നുമില്ല. അയാള്‍ ചായ്പില്‍ ചാഞ്ഞിരുന്നു. ഉടുതുണിയില്‍ മൂത്രമൊഴിച്ചു. വളര്‍ച്ച തീണ്ടാത്ത മനസ്സിന്റെ വൈകല്യത്തില്‍ ജലസ്പർശമേറ്റിട്ടെന്ന പോലെ  നിര്‍വൃതി പൂണ്ടു . കയറില്‍ മൃഗമായി കിടന്നു. ഉള്ളില്‍ പശി കയറിത്തുടങ്ങിയപ്പോള്‍ മാത്രം അസ്വസ്ഥത കാണിച്ചു. വിശപ്പ്‌ കൂടി വരുന്നു. ഉദിനീസ് കയറില്‍ ആഞ്ഞാഞ്ഞു വലിക്കുകയും , ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്നു . അയാളുടെ വരണ്ട കണ്ണുകളില്‍ നിന്ന് കണികകള്‍ നിലത്തു വീണുടഞ്ഞു. അല്‍പമകലെ നിന്നു വലിയ ഒരാരവം കേട്ടപ്പോള്‍ ഉദിനീസ് നിശ്ചലനായി .

"ഓടിക്കോ ... വഴീന്നു മാറിക്കോ"
ശബ്ദം കേട്ടു എന്നല്ലാതെ എന്താണെന്ന് ഉദിനീസിനു മനസ്സിലായില്ല . ശബ്ദം അടുത്തടുത്ത് വരുന്നു .  അറവുശാലയില്‍ നിന്നു പോത്തു കയറു പൊട്ടിച്ചോടിയതാണ് . അതിനെ പിടിച്ചു കെട്ടാനായി , കൈകളില്‍ കയറുകളും , വടികളുമായി  ആള്‍ക്കൂട്ടവും പുറകെയുണ്ട്. മുക്രയിട്ടു വേലി പൊളിച്ചു ഓടിയ മൃഗം ഉദിനീസിന്റെ തൊടിയിലേക്ക് കയറി. അയാളെ കെട്ടിയിട്ട ചായ്പ് ലക്ഷ്യമാക്കി ഓടിയടുത്തു. വിറളി പൂണ്ടു തന്നെ ലക്ഷ്യമാക്കി ഓടിയടുക്കുന്ന അറവുമാടില്‍ നിന്നു രക്ഷപ്പെടാനായി ഉദിനീസ് കയറില്‍ കിടന്നു വെപ്രാളം പൂണ്ടു.

അയല്‍ വീടുകളില്‍ കുട്ടികള്‍ കരയുന്നതും , വാതിലുകള്‍ കൊട്ടിയടയുന്നതുമായ ശബ്ദങ്ങള്‍ . കുന്നിന്മുകളിലെ ദേവാലയത്തില്‍ നിന്നു പുരോഹിതന്റെ കുര്‍ബ്ബാനപ്രസംഗം തേയിലച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്വരകളെയും , കുന്നിന്‍ ചരുവിലെ കാറ്റാടികളെയും , തഴുകി കാതുകളിലേക്ക് പ്രവഹിച്ചു കൊണ്ടേയിരുന്നു .

"മോശെ ഇസ്രയേല്‍ ശ്രേഷ്ടന്മാരെ വിളിച്ചു പറഞ്ഞു. കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിൻ കുട്ടികളെ തെരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പു കമ്പ് മുക്കി , രണ്ടു കട്ടിലക്കാലുകളിലും  മേല്പ്പടിയിലും തളിക്കുവിന്‍ . പ്രഭാതമാകുന്നത് വരെ ആരും പുറത്തു പോകരുത്. എന്തെന്നാല്‍ ഈജിപ്തുകാരെ സംഹരിക്കുന്നതിനു വേണ്ടി കര്‍ത്താവ് കടന്നു പോകും.  എന്നാല്‍ , നിങ്ങളുടെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലുകളിലും , രക്തം കാണുമ്പോള്‍ കര്‍ത്താവ് നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും. സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല . ഇത് നിങ്ങളും , നിങ്ങളുടെ സന്തതികളും   എക്കാലവും ഒരു കൽപ്പനയായി ആചരിക്കണം . കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങള്‍ക്ക് തരുന്ന സ്ഥലത്ത് ചെന്ന ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാ ബലിയാണെന്ന്!"

പുരോഹിതന്റെ വാഗ്ധോരണി നീണ്ടു പോവുന്നു . ഹൈറേഞ്ചിലെ പാതയോരങ്ങളില്‍ നിന്ന് ദൈവവിളികള്‍ ഉയരുന്നു. അറവുമാടിന്റെ കൊമ്പുകള്‍ തുളഞ്ഞ് രക്തസ്നാനം ചെയ്ത  ഉദിനീസ് ചായ്പിലെ പൊടിമണ്ണില്‍ ചലനമറ്റു കിടക്കുന്നു.

(2002 ൽ എഴുതിയത്- തിരുത്തിയതും)

Apr 8, 2012

അളവുകോൽ വികലമാണ്'കത്തും കടലാസുമൊക്കെ കാലാഹരണപ്പെട്ട ഈ പുതു കാലത്ത് ഇങ്ങനെ ഒരു വഴീണ്ടായത് നന്നായി അല്ലേടോ . അല്ലെങ്കിൽ മറവികളുടെ ലോകത്ത്  ഇങ്ങനെ ഒരു മെസ്സേജുമായി കടന്നു വരാൻ പറ്റില്ലല്ലോ . സുഖമാണോടോ നിനക്ക്? നീ ഇപ്പൊ ഒരു കണ്ഫ്യൂഷനിലായി എന്ന് തോന്നുന്നു?
എടോ, ഇത് ഞാനാടോ മൂസാങ്കണ്ണ് . ഇപ്പൊ...... ഏതാണ്ടൊക്കെയൊരു  ഓര്‍മ്മ കിട്ടീട്ടുണ്ടാവൂല്ലോ - ല്ലേ?  സത്യത്തിൽ ഈ മെയില് നീ നോക്ക്വോ എന്നെനിക്കു സംശയമുണ്ട്‌. ഒരു പാടു കാലമായി നിന്നെ ഒന്ന് ബന്ധപ്പെടണമെന്നു കരുതുന്നു . നടന്നില്ല . അല്ലെങ്കിലും നമ്മളിച്ഛിക്കും പോലെ ഏതു കാര്യങ്ങളാണ് നടന്നിട്ടുള്ളത്! 


ദിവസങ്ങൾക്ക്  ശേഷം മെയിൽ  തുറന്നപ്പോള്‍ അപ്രതീക്ഷിതമായി വരവേറ്റ ഒരു ഈമെയിൽ സന്ദേശമായിരുന്നു അത്.

മൂസാങ്കണ്ണ്. പഴയ റൂം മേറ്റ്‌ . ഫിലിപ്പൈൻസുകാരിയായ അയാളുടെ കാമുകിക്കൊപ്പം താമസം മാറിയ അന്നാണെന്ന് തോന്നുന്നു അവസാനമായി തമ്മിൽ കാണുന്നത് . ഇന്ന്, മൂസ്സാങ്കണ്ണ്  കുറിച്ചിട്ടത്‌ കാണുമ്പോള്‍ ഓർമ്മകൾ ജീവിതത്തിൻറെ ചെമ്മണ്ണു പാതയിലൂടെ പുറകോട്ടോടുകയാണ്.


'നീയോർക്കുന്നോ അമേലിയായെ . ഞാൻ പറയാറുണ്ടായിരുന്ന ആ പഴയ ഫിലിപ്പൈൻസുകാരി . എ! അതെ അവളു  തന്നെടോ  നീയിപ്പോ മനസ്സിലോര്‍ക്കാന്‍ ശ്രമിച്ചില്ലേ ആ ചെമ്പന്‍ മുടിക്കാരി!


" അമേലിയ റേയെസ് "

ഞാനതോര്‍ക്കുന്നു . ഒരിക്കൽ റൂമില്‍ മറ്റാരുമില്ലാത്ത ഒരുച്ച നേരത്ത്  മൂസാങ്കണ്ണ് ലാപ്ടോപുമായി വന്നു. ചെറിയൊരു ജാള്യതയോടെ അടുത്തു വന്നിരുന്നു. കാര്യമായെന്തോ പണി തരാൻ പോകുന്നുണ്ട് എന്നറിഞ്ഞിട്ടു തന്നെ ഞാനത്ര മൈന്‍ഡ് ചെയ്യാന്‍ പോയില്ല . ഇത്തിരി നേരത്തിനു ശേഷം ചുമലില്‍ തോണ്ടി ചെവിയില്‍ മെല്ലെ ;
" എനക്കും കൂടി ഈ ഫെയ്സ് ബുക്കും, ചാറ്റിംഗും പഠിപ്പിച്ചു തരാമോടോ?"


ചിരിയാണ് വന്നത് . മൂസ്സാങ്കണ്ണിന്റെ അറിവില്ലായ്മയില്‍ സഹതാപം തോന്നി.
പിന്നീടങ്ങോട്ട് മൂസാങ്കണ്ണ് തിരക്കിലായിരുന്നു . കമ്പ്യുട്ടറില്‍ കണ്ണു പൂഴ്ത്തി അനന്തതകളിലേക്ക് സമയകാലങ്ങളെ മറന്നു മൂസ്സാങ്കണ്ണ് തുഴഞ്ഞു കേറിക്കൊണ്ടിരുന്നു . തിരച്ചിലിനിടയിൽ രസകരമെന്നു തോന്നിയിരുന്ന എന്തും പങ്കു വെക്കുമായിരുന്നു . അങ്ങനെ ഒരിക്കലാണ് അമേലിയയെ പറ്റിയും പറഞ്ഞു തുടങ്ങുന്നത് . തണുപ്പ് മരുഭൂമി താണ്ടി വന്ന ഒരു ഡിസംബറിന്റെ തുടക്കത്തിലായിരുന്നു അത്.
" താങ്ക്സ് ബീയിംഗ് മൈ ഫ്രണ്ട് " 

അമേലിയായുടെ മേസ്സേജിൽ മൂസാങ്കണ്ണിന്റെയുള്ളിൽ മഞ്ചാടിമൈന പറന്നു. ലാപ്ടോപില്‍ നിന്നും മറുപടി തിരികെപ്പറന്നു .

" താങ്ക് യൂ വെരി മച്ച് . ഹോപ്‌ യു ഡുയിംഗ് വെൽ. കീപ്‌ ഇന്‍ ടച്ച് .

മൂസാങ്കണ്ണിനു പൂതി പെരുത്തു. ഉള്ളില്‍ വലിയപെരുന്നാളിൻറെ മത്താപ്പു കത്തിച്ചു അമേലിയായുടെ പ്രൊഫൈല്‍ ചിത്രത്തില്‍ കണ്ണ് നട്ട് മൂസാങ്കണ്ണിരുന്നു.  അവളുടെയാകാര സൌന്ദര്യത്തിൽ അയാൾ അലിഞ്ഞു ചേര്‍ന്നു . അമേലിയ എന്ന് അഞ്ചാറു പ്രാവശ്യം  ഉരുവിട്ടു നോക്കി. മൊഞ്ചത്തിയാണല്ലോയെന്ന് മനസ്സില്‍ കരുതി. 


രാവിലെ അലാറം ക്ലോക്കിന് 'പണ്ടാര'മെന്നു  പറഞ്ഞു ആഞ്ഞടിച്ചു ബ്ലാങ്കറ്റെടുത്തു തലവഴി മൂടി , അർബാബിനെ തെറി പറഞ്ഞ്‌ എ സി യുടെ ശീതളിമയിലേക്ക് ചുരുണ്ട് കൂടിയിരുന്ന മൂസാങ്കണ്ണ്  അമേലിയയുടെ കൊഞ്ചല് കേള്‍ക്കാന്‍ അലാറത്തിന് മുന്‍പേ ചാടിയെണീക്കാൻ തുടങ്ങി . 

മൂസ്സങ്കണ്ണില്‍    പ്രണയവിത്തുകള്‍ പൊട്ടിമുളക്കുന്നതും അവയിൽ ചെറുതളിരുകൾ രൂപം കൊള്ളുന്നതുമെല്ലാം നിശ്ശബ്ദനായി ഞാൻ കാണുന്നുണ്ടായിരുന്നു . അമേലിയ ഓണ്‍ലൈനിലുണ്ടാവുന്ന നേരങ്ങളിലൊന്നും മൂസ്സാങ്കണ്ണിനെ  ഒരു കാര്യത്തിനും കിട്ടാതായിത്തുടങ്ങി.

" ഹൌ ആർ യു ഡാര്‍ലിംഗ് ?"
"മിസ്സ്‌ യൂ സോ  മച്  "
എന്നിങ്ങനെയുള്ള മധുര പദങ്ങളാൽ മൂസ്സാങ്കണ്ണിന്റെ ചാറ്റിങ്ങ് ഹിസ്ടറി നീണ്ടു കൊണ്ടിരുന്നു. 

അങ്ങനെയിരിക്കെ, പതിവു ചാറ്റിങ്ങിനിടയിലൊരിക്കൽ പൊടുന്നനെയാണ്  മൂസ്സാങ്കണ്ണിനു മുന്നില്‍ വളരെ 
ദു:ഖിതയായി  അമേലിയ ഒരു ചോദ്യവുമായി വന്നു നിന്നത് .

" ഡു യു വാണ്ട്‌ മി റ്റു ടെല്‍ യു എ സ്റ്റോറി ?" 
മൂസ്സാങ്കണ്ണു ശങ്കിച്ചു. അമേലിയ എന്താണ് പറഞ്ഞു വരുന്നത് എന്ന് മൂസ്സാങ്കണ്ണിനു  പെട്ടെന്ന് മനസ്സിലായില്ല . മൂസ്സങ്കണ്ണിനോട് എന്തും പറയാവുന്ന അവസ്ഥ അവള്‍ക്കുണ്ട് താനും . പിന്നെന്തിനീ ഔപചാരികത? മൂസാങ്കണ്ണ് പ്രതികരിച്ചു .
" ഷുവര്‍ " .
തരംഗങ്ങളുടെ  അജ്ഞാതബാന്ധവത്തില്‍ ലോകത്തിന്റെ ഏതോ ഒരു ചെറിയ കോണിലിരുന്നു അമേലിയ പറഞ്ഞു തുടങ്ങി .
 " സ്കൂള്‍ പഠന കാലത്ത്  നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍ . അച്ഛനെ വല്യ പേടിയായിരുന്നു അക്കാലത്ത്. അത് കൊണ്ടു തന്നെ  ഒരു ബോയ്‌ ഫ്രണ്ട് ഒരിക്കലും ഉണ്ടായില്ല . അല്ലെങ്കില്‍ ഞാനങ്ങനെ ചിന്തിച്ചതേയില്ല . എന്നാല്‍ , പിന്നീട് കോളേജിലെത്തിയപ്പോള്‍ അവിടെ  വെച്ച് ഒരാളോട് വല്ലാത്ത ഇഷ്ടം തോന്നുകയുണ്ടായി . രണ്ടാഴ്ചത്തെ ആയുസ്സേ ഉണ്ടായുള്ളൂ . പഠനത്തെ ബാധിക്കുമെന്ന ഒറ്റക്കാരണത്താൽ   ഞാനായിട്ട് പിന്തിരിയുകയായിരുന്നു "
മൂസാങ്കണ്ണ് വായന നിര്‍ത്തി അമേലിയയുടെ ചിത്രം നോക്കി .
"പാവം കുട്ടി. നേരുള്ള പെണ്ണ് "
മനസ്സില്‍ കരുതി .  അമേലിയായെ ശ്രദ്ധിച്ച് കാതു കൂര്‍പ്പിച്ചു   .
" ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷമാണ് എന്റെ ജീവിതം മാറ്റി മറിച്ച ഒരാളെ  ഞാന്‍  പരിചയപ്പെടുന്നത് ; മാന്യമായ പെരുമാറ്റമായിരിക്കാം  ഉള്ളിലൊരു  പ്രണയമല്ലാതിരുന്നിട്ടു പോലും ഒരു നിബന്ധനകളുമില്ലാതെ  അയാളൊന്നിച്ച്  കഴിയാന്‍ എന്നെ പ്രേരിപ്പിച്ചത് "

മൂസാങ്കണ്ണ്  ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു , അമേലിയ ഉള്ളു തുറക്കുകയാണ് . തൻറെ കണ്ണാടിക്കൊട്ടാരം ചില്ലിന്‍ കഷണങ്ങളായി തെറിച്ചു പോകുമോ എന്ന വേവലാതിയോടെ മൂസാങ്കണ്ണ്  ചോദിച്ചു;
" ദെന്‍ ?"
ഇരുളിന്റെ കീറുകളിൽ എവിടെയോ നിന്ന് അമേലിയ തുടര്‍ന്നു. മൂസാങ്കണ്ണ്  അസ്വസ്ഥനായി .
" പതിയെപ്പതിയെ അയാളെ ഞാന്‍ സ്നേഹിച്ചു തുടങ്ങി. എല്ലാവരേയുമറിയിച്ചു കല്യാണം കഴിക്കണമെന്ന് തന്നെ ഞങ്ങള്‍ ഉറപ്പിച്ചുആ തീരുമാനത്തോടെയാണ് ഹോസ്റ്റലില്‍ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിൽ കൂടുതൽ അത് നീണ്ടു. അങ്ങനെയിരിക്കെ , ഒരു ദിവസം ; ഞാന്‍ ഗര്‍ഭിണിയാണെന്ന് അയാളോട് പറഞ്ഞപ്പോള്‍......"
അമേലിയ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി . മൂസ്സാങ്കണ്ണിന്റെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി . അമേലിയായുടെ വരികളില്‍  വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്ന് മൂസാങ്കണ്ണ്  അകക്കണ്ണില്‍  കണ്ടു . അവള്‍  കരയുകയാവുമെന്നു കരുതി മൂസ്സാങ്കണ്ണും കരഞ്ഞു . അതൊന്നും പുറത്തു കാണിക്കാതെ അവളോട്‌ പറഞ്ഞു .

" കാരിയോണ്‍  "
" ഒരു കല്യാണത്തിനൊന്നും താന്‍ തയ്യാറായിട്ടില്ല എന്നായിരുന്നു അയാളുടെ പ്രതികരണം. മാത്രവുമല്ല ഗർഭം അലസിപ്പിക്കാൻ അയാൾ സദാ നിനിർബന്ധിക്കുകയും ചെയ്തു. ഒടുവില്‍ നിവൃത്തിയില്ലാതെ  കുറ്റകൃത്യമാണെന്നു അറിഞ്ഞു കൊണ്ട് തന്നെ , എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഞങ്ങള്‍ അബോര്‍ഷന്‍ ചെയ്തു കൊന്നു . അതിനു ശേഷം പെട്ടെന്നൊരു ദിവസം അയാളെ കാണാതായി.  എല്ലാം കഴിഞ്ഞപ്പോൾ എന്നെയുപേക്ഷിച്ച് അയാള്‍ ഓടിപ്പോവുകയും ചെയ്തു ."

കീ ബോര്‍ഡുകള്‍ നിശ്ശബ്ദമായി . മൂസാങ്കണ്ണ് സന്യാസിയെ പോലെ ധ്യാനനിരതനായി . അമേലിയ കരയുന്നുണ്ടെന്നതിൽ  അയാള്‍ ദുഖിച്ചു . പേടിത്തൂറിയായ അവളുടെ കാമുകനെ മനസാ പുച്ഛിച്ചു. അവളുടെ ദീന കഥകളിൽ മൂസസാങ്കണ്ണിന്റെ മനസ്സ
ലിയാൻ തുടങ്ങി. 

വേനൽക്കാലം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. തണുപ്പ് മരുഭൂമിയിൽ നിന്ന് തിരികെയാത്ര ആരംഭിച്ചിരിക്കുന്നു. അമേലിയായും , മൂസ്സങ്കണ്ണും തമ്മില്‍ ചാറ്റിങ്ങില്‍ നിന്ന് ടെലിഫോണ്‍ കോളുകളിലേക്ക് മാറിത്തുടങ്ങി. അത് സൌഹൃദത്തിനും പ്രണയത്തിനുമപ്പുറത്തേക്കു വളർന്നു തുടങ്ങി. ഒരിക്കൽ കോര്‍ണിഷിലൂടെയുള്ള ഒരു സായാഹ്ന സവാരിക്കിടയിൽ മൂസാങ്കണ്ണ് പറഞ്ഞു.   
" അമേലിയയെ ഞാന്‍ വിസിറ്റിനു കൊണ്ട് വരാൻ ഉദ്ധേശിക്കുന്നുണ്ട്. അതിനു ശേഷം ഇവിടെ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യണമെന്നാണ് കരുതുന്നത് "


 ഒന്നും മിണ്ടിയില്ല. പ്രത്യേകിച്ചൊന്നും തോന്നിയുമില്ല . അവരുടെ ബന്ധം ആത്മാർത്ഥവും സുദൃഡവുമാണെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന നിശ്ശബ്ദത ഇല്ലാതാക്കാനായി മാത്രം ഞാൻ പറഞ്ഞു .

" നല്ലത് " .

അമേലിയ വന്നതിനു ശേഷവും കുറച്ചു കാലത്തേക്ക്  മൂസാങ്കണ്ണ് വിളിക്കാറുമുണ്ടായിരുന്നു . പിന്നീടെപ്പോഴോ കൂടിച്ചേരലുകള്‍ കുറയുകയും , അയാളുടെ ടെലിഫോണ്‍ മിണ്ടാതാവുകയും , ഓർമ്മകളിൽ നിന്ന് മൂസ്സാങ്കണ്ണു തന്നെ   ഇല്ലാതാവുകയും ചെയ്തു .


പിന്നിട്ടു പോയ വീഥികളിൽ  ഉണങ്ങിയ ഇലകളുടെ ചെറുഭ്രംശങ്ങളിൽ കാല്പാടുകൾ ഓരോന്നായി തെളിയുകയാണ്. വിസ്മൃതിയിൽ നിന്ന് വന്ന ഈ മെയില്‍ അത്ഭുതമോ സന്തോഷമോ ഒക്കെ കൊണ്ട് വരുന്നു. ഒരു കാലത്തിനപ്പുറം, ഒരു ലോകത്തിനപ്പുറം  ഇരുന്നു സംസാരിക്കുന്ന മൂസ്സങ്കണ്ണിന്റെ ജീവിതം. 


" നീയോര്‍ക്കുന്നോ , അന്നൊരിക്കല്‍ നടപ്പാതയില്‍ നമ്മള്‍ കണ്ടു മുട്ടിയതും , അമേലിയായെ ഞാന്‍ നിനക്ക് പരിചയപ്പെടുത്തിയതും? അല്ലെങ്കി തന്നെ നീയതെന്തിനോർക്കണം . നല്ല സന്തോഷത്തിലായിരുന്നെടോ ഞങ്ങടെ ജീവിതം . അവിചാരിതമായി ഒരു ദിവസം റൂമിൽ  കേറി വന്നപ്പോഴല്ലേ പെരുത്ത സന്തോഷം തോന്നിയത്. എടോ മറ്റൊരുത്തന്‍ ഫ്ലാറ്റില്‍! നിസ്സാരമായി അവള്‍ പറയാ 'ഫ്രണ്ട്' ആണെന്ന്. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു എന്നുള്ളത് നേര് തന്നെ. എന്ത് പേരിലാണെങ്കിലും ഞങ്ങൾക്കിടയിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നെപ്പോലൊരുത്തനു ഒരു ഗേള്‍ ഫ്രെണ്ടിനെ കിട്ടണതും നമ്മടെ കത്രീനാ കൈഫിനെ പോലുള്ള  ബോളിവുഡ് നടിമാര് തുണിയുടുക്കുന്നതും ഒരു പോലെയല്ലെ. അല്ലേ?" '


എന്നാലും ഞാനതങ്ങു വിട്ടൂന്നെ. 
അല്ലെങ്കി തന്നെ നമ്മള്‍ മലയാളികള്‍ക്ക് എല്ലാ കാര്യത്തിലും  സംശയമല്ലേ - അല്ലേ ?


മിണ്ടിയാ കുറ്റം . കൂടെ നടന്നാ കുറ്റം. നടന്നില്ലേ കുറ്റം .ഫോണ്‍ ചെയ്താ കുറ്റം. ചെയ്തില്ലേല്‍ കുറ്റം . നോക്കിയാ  കുറ്റം . നോക്കീല്ലേല്‍ കുറ്റം .എന്തിലാ നമുക്ക് കുറ്റമില്ലാത്തത് ?

ഒരാളെ റൂമിൽ കണ്ടൂന്നു വെച്ച് നമ്മളങ്ങനെ അങ്ങ് ചിന്തിക്കാമ്പറ്റ്വോ . അതും അവരുടെ നാട്ടുകാരനായ ഒരാളെ . ഇവിടത്തെ ജീവിതച്ചുറ്റുപാടിൽ നമുക്കായാലും നമ്മടെ സ്വന്തം ഒരാളെ കാണുകയെന്നാൽ വലിയ സന്തോഷമല്ലേ. മാത്രവുമല്ല കുടുംബത്തിന്റെ സന്തോഷമാണല്ലോ നമുക്ക് വലുത് - അതല്ലേ അതിന്റെ ഒരു ശരിയും . യേത് ?'


ഞാനോർക്കുകയായിരുന്നു. യാന്ത്രികമായ ചുറ്റുപാടിൽ ജീവിക്കാൻ മറന്നു പോകുന്നവരുടെ ഭൂമികയിൽ എല്ലാവരെയും പോലെ എനിക്കും പരിമിതികളുണ്ട്.  ഋതുഭേദങ്ങൾ മാറുന്നത് പോലും അറിയാത്ത ഒരു തരം മരവിപ്പാണ് പരദേശ ജീവിതം നൽകുന്നത്. നീണ്ട യാത്രക്കിടയിലെ ഇടത്താവളമെന്ന പോലെ ഈ  ജീവിതത്തെയും നോക്കിക്കാണാൻ തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് തന്നെ കണ്ടു മടങ്ങുന്ന മുഖങ്ങളും പലതാണ്. മനപ്പൂർവ്വം ഓർത്ത്‌ വെക്കാത്തതോ അല്ലെങ്കിൽ ഓർമ്മയിൽ തെളിയാതെ പോകുന്നതോ ആയ ജീവിതങ്ങൾ. അത്യപൂർവ്വമായ കൂട്ടിവെക്കലുകളിൽ ഒന്നായിരുന്നു മൂസ്സാങ്കണ്ണുമായുള്ള സൗഹൃദവും അത് കൊണ്ട് തന്നെയാവാം മൂസ്സാങ്കണ്ണു പറഞ്ഞു കൊണ്ടിരിക്കുന്ന വാക്കുകൾ ഉള്ളിൽ അലകൾ തീർക്കുന്നതും.


'ഏതായാലും അവള് എനക്കിട്ടു നന്നായി പണിതെടോ. നീ കേട്ടിട്ടില്ലേ അതിവിരുതനു അരി അങ്ങാടീലെന്നു. അതു തന്നെ. അതു കൊണ്ടൊന്നും മൂസാങ്കണ്ണ് വീഴൂല്ലാന്നു നിനക്കറിയാലോ. പക്ഷെ ഒള്ളത് പറയണമല്ലോ . വീണില്ലേലും ഒന്ന് കാലു തെറ്റി . ചന്തി നെലത്തു കുത്തിപ്പോയി ''ഒരു ദിവസം വൈകുന്നേരത്ത് ഞാന്‍ വ്യായാമം കഴിഞ്ഞു  റൂമില്‍ 
വന്നപ്പോഴല്ലേ. അന്നെന്റെ  ചങ്ക് കരിങ്കല്ല് ക്വാറീല് തോട്ട  വെച്ച പോലെയായെടോ . ആകെ പൊട്ടിത്തൂഫാനായി. എന്റെ സകലമാന സാധങ്ങളും പൊക്കി അവള് പോയീ . എങ്ങോട്ടെന്നു നീ ചോദിക്കും . എന്തെങ്കിലും ഒരടയാളം ബാക്കി വെച്ചാലല്ലേ എങ്ങോട്ടെന്നു പറയാനൊക്കൂ. വെറുതെയെങ്കിലും ഒരു കേസ്സ് കൊടുക്കാൻ പോലും!'.

'പാസ്സ്പോർട്ട് , മൊബൈല്‍ ഫോണ് , ഡെബിറ്റ് കാര്‍ഡ്‌ , ക്രെഡിറ്റ്‌ കാര്‍ഡ്‌ , അലമാരിയില്‍ വെച്ച ബ്രയ്സ് ലെറ്റ് , വില കൂടിയ വാച്ച് . എന്തിനു പറയണം? കമ്പനി എന്നെ ഏല്‍പ്പിച്ച മുപ്പത്തിമുവ്വായിരം  ദിര്‍ഹവും , ഒന്ന് രണ്ടു പേരുടെ പാസ് പോര്‍ട്ടും , കമ്പനിയുടെ ചില പ്രധാന ഡോകുമെന്റ്സ് പോലും  ആ പഹച്ചി,  നായിന്റെ മോള് കൊണ്ട് പോയി '.
'നിനക്കറിയാലോ വെറും നാലായിരം കുലുവ ആയിരുന്നില്ലേ ശമ്പളം. അതീന്നു തന്നെ അവൾക്ക് ഫിലിപ്പൈന്‍സിലേക്ക്‌ എത്ര ഞാനയച്ചു .എ! അല്ല . അല്ലെങ്കി തന്നെ അവളെ പറഞ്ഞിട്ടെന്താ കാര്യം. നീയിപ്പോ കരുതുന്നില്ലേ മൂസാങ്കണ്ണ് മണ്ടനാണെന്ന്. മണ്ടന്‍ തന്നെയാ. തിരുമണ്ടന്‍ . അല്ലെങ്കി ഏതോ ഒരുത്തിയെ ഭാര്യാന്നും പറഞ്ഞു കണ്ണടച്ച് വിശ്വസിക്കോ?'

അവകാശപ്പെടാൻ മാറ്റങ്ങളൊന്നുമില്ലാത്ത മൂസ്സാങ്കണ്ണെന്ന ശരാശരിക്കാരൻ. തേടി വരുന്ന ഉണ്മകളിലേക്ക് മോഹാവേശത്തോടെ വഴുതിപ്പോവുന്ന ജന്മങ്ങൾ. കുറ്റം പറയുന്നതെങ്ങനെ. ഞാനും അത് തന്നെയല്ലേ


'നീയൊന്നാലോചിച്ചു നോക്കിക്കേ നാട്ടിലായിരുന്നേല്‍ ചാനെലുകാർക്കൊക്കെ എന്തു നല്ല കോളായിരുന്നു? രണ്ടാഴ്ചക്കുള്ള സെൻസിറ്റിവ് വാർത്ത. ചതിയിൽ പെട്ടവരെക്കുറിച്ചുള്ള ചര്‍ച്ചകൾ, അഭിമുഖങ്ങൾ, ന്യൂസ്‌ ഓണ്‍ലൈന്‍ . തേങ്ങാക്കൊല '.


'ഒരു പബ്ലിസിറ്റിയും , സിംപതിയും ഒക്കെ കിട്ടിയേനെ. ഉന്നതന്മാരുടെ വളി പോലും വാര്‍ത്തയാവുന്ന നമ്മുടെ നാട്ടില്‍ ഇതിനൊരു നക്ഷത്രപരിവേഷം കിട്ടുമായിരുന്നു. ഇവിടെ  അതൊന്നുമില്ലല്ലോ. അതോണ്ട് ആരും ഒന്നും അറിഞ്ഞില്ല . കേസ്സായി കോടതിയായി . ജയിലായി . ഒടുക്കം കമ്പനി ഡ്യൂപ്ലിക്കേറ്റ്‌ പാസ്സ്-പോർട്ടുണ്ടാക്കി വിസ ക്യാന്‍സെല്‍ ചെയ്തു നാട്ടിലേക്ക് വിട്ടു. ജോലിയും , ജീവിതവും സ്വാഹ !'


'കാലു പിടിച്ചു പറഞ്ഞു നോക്കി . കമ്പനി സമ്മതിച്ചില്ല  . ചെറ്റത്തരത്തിന്റെ ഉസ്താദായ ഈജിപ്ത്യന്‍ മാനേജര് എല്ലാരേം മുമ്പിൽ വെച്ച് എന്നെഗവ്വാദെന്നു വിളിച്ചപമാനിച്ചു . എന്നെ മാത്രാണെങ്കി സഹിക്കാര്‍ന്നു . "കുല്ലു ഹിന്ദി ഹറാമീ " ന്നല്ലേ അയാളു പറഞ്ഞത്. കട്ട് മുടിക്കാൻ മാത്രം കസേരയിലിരിക്കുന്ന അവന്റെ മൊഖമടച്ചു കൊടുക്കേണ്ടേ? നിവൃത്തില്ലാരുന്നല്ലോ . നെന്നോട് പറയണംന്നുണ്ടായിരുന്നു. ഒന്ന് രണ്ടു വട്ടം ശ്രമിച്ചും നോക്കി. പക്ഷേങ്കില്; വല്ലാത്ത മാനക്കേട്‌ കൊണ്ടാ മൂസാങ്കണ്ണ് വിളിക്കാതിരുന്നത് '. 


' നാട്ടിലെത്ത്യാലുള്ള  കാര്യം പറയ്വേ വേണ്ട . ജോലീം കൂലീമില്ലാതെ ക്യാൻസൽ ആയി വരുന്നതാണെന്ന് അറിയുമ്പോ അവർക്കൊരു നോട്ടമുണ്ടെടോ. പരിഹാസമെന്നൊന്നും പറഞ്ഞാ പോരാ അതിനു. ക്യാൻസൽ ചെയ്തു നാട്ടിൽ പോവുന്നതിനേക്കാൾ മെട്രോ ട്രെയിനിനു തല വെച്ച് കൊടുക്കുന്നതാടോ നല്ലത്. അത് മാത്രമോ അവടെ ജീവിക്കണെങ്കീ നോട്ടടിക്കണ മഷീന്‍ വേണം സുഹൃത്തേ. പെട്രോളും ഗ്യാസുമൊക്കെ ആഴ്ച്ചക്കാഴ്ച്ചക്ക് കൂടും. അതിനൊത്ത്‌  പച്ചക്കറീം , പലവ്യജ്ഞനോമോക്കെ എന്ന് വേണ്ട എല്ലാം റോക്കറ്റ് പോണ പോലെ കേറിപ്പോകും. പണ്ടു നീ ഒരു ഉപമ പറയാറില്ലേ പാവ്ലോവിന്റെ എലികളാണ് നമ്മൾ കേരളക്കാർ എന്ന്. അക്ഷരം പ്രതി ശരിയാടോ !'

'ഒന്നോര്‍ത്തോക്ക്യെ , ഇവടെ നമ്മളെങ്ങനാ ജീവിക്കത് ?  ഒരു കറി ഫ്രിട്‌ജില് വെച്ച് നാല്  ദിവസം ഉപയോഗിക്കുന്ന ഗൾഫുകാരനെ പോലൊന്നുമല്ല കേട്ടോ . ഓരോ നേരത്തിനു  ഓരോന്ന് ചൂടോടെ തന്നെ വേണം. മുന്നിലിരിക്കണ ഭക്ഷണമൊരു മണത്തു നോട്ടമുണ്ട് പലര്‍ക്കും. ഇവിടെയത് പട്ടികളു പോലും ചെയ്യ്വോ? ഉവ്വോ?

ഓരോ ഫങ്ങ്ഷന് ഓരോ ഡ്രസ്സ്‌. അതിനൊത്ത് ഫാൻസി വസ്തുക്കൾ. മേക്കപ്പ് ബോക്സുകൾ. ചെരിപ്പുകൾ എന്ന് വേണ്ട സകല കുണ്ടാമണ്ടിയും വേണം ആഴ്ചേല്‍ ഒരു കോഴി ബിരിയാണി കിട്ടിയില്ലേ വല്ല്യുമ്മാമ പോലും ഇരിക്കപ്പൊറുതി തരൂല്ലാ.


മൂസ്സാങ്കണ്ണ് പറയുന്നതിലെ യാഥാർത്ഥ്യം മറന്നു കൂടാ. നിത്യവുമേൽക്കുന്ന ചെറിയ ചെറിയ ഷോക്കുകളിലൂടെ എത്ര വലുതും താങ്ങാവുന്ന ഒരു പരിതസ്ഥിതി കൈവന്നിരിക്കുന്നു നമുക്ക്. പരീക്ഷണശാലയിലെ എലികളെപ്പോലെത്തന്നെ. നിലനിൽപ്പിന്റെ തത്വശാസ്ത്രങ്ങൾ മൂസ്സങ്കണ്ണെന്ന വെറുമൊരു സാധാരണക്കാരനിൽ കൊണ്ട് വന്ന വ്യതിയാനങ്ങളിൽ ആശ്ചര്യം കൊള്ളാതിരിക്കാനാവുന്നില്ല.      


'പേരിലൊരു ആരോപണം വന്നാലുണ്ടല്ലോ ചെയ്തു കൊടുത്ത നന്മകളൊന്നും ദൈവം തമ്പിരാനു പോലും ഓര്‍മ്മ കാണൂല. എന്നാലും കൊറേയൊക്കെ കഷ്ടപ്പെടുമ്പോ കലക്കവെള്ളത്തിൽ കൂടിയെങ്കിലും ഒരു  കച്ചിത്തുരുമ്പ്  നമുക്കും കിട്ടും. കയറ്റവും ഇറക്കവുമാണല്ലോ ജീവിതം'.


' അല്ലെങ്കിൽ  ആലിക്കോയ എന്ന സുഹൃത്ത് അയാളുടെ ബിസിനെസ്സില് എന്നെ വര്‍കിംഗ് പാര്‍ട്ണര്‍ ആക്കാന്നു പറയോ. അങ്ങനെയല്ലേ ഖത്തറില്‍ എത്തിയത്.  ഇപ്പൊ വളരെ സുഖാണ്. ഇത്തിരി അധ്വാനക്കൂടുതല്‍ ഉണ്ട് . അത് നല്ലതാ. ശരീരം വിയർത്തു അധ്വാനിച്ചാൽ വയസ്സാവുമ്പോ പ്രഷറു, പ്രമേഹം, കൊളസ്ട്രോൾ എന്നും പറഞ്ഞിരിക്കേണ്ടി വരില്ലല്ലോ അല്ലേ?'


മൂസ്സാങ്കണ്ണിന്റെ നർമ്മ സ്വഭാവം ഒട്ടും കുറഞ്ഞിട്ടില്ല. അല്ലെങ്കിലും ഒരാൾക്ക്‌ അയാളാവാൻ മാത്രമേ കഴിയൂ എന്നല്ലേ സത്യം. അയാളുടെ പഴങ്കഥകളുടെ ആവർത്തനം ഒരറിവാണ്‌. മുൻവിധികളില്ലാത്ത തുടർച്ചയുണ്ടതിന്. 


' ഖത്തറാണ് ഇപ്പോ പിടിച്ചു നിൽക്കാൻ നല്ലത് എന്നെനിക്കു തോന്നുന്നു. എല്ലാവരും അങ്ങനെയാണ് പറയുന്നതും നീ പത്രങ്ങളിലൊക്കെ കണ്ടില്ലേ  ഒരു ഖത്തറിയുടെ വാര്‍ഷിക വരുമാനം തൊണ്ണൂരായിരം ഡോളറാ.  പെട്രോളും , ഗ്യാസുമോക്കെ ആവശ്യത്തിക്കൂടുതലാന്നല്ലേ കേക്കണത്. അടുത്ത വേള്‍ഡ് കപ്പ്‌ ഫുട്ബോൾ ഇവിടെയാണല്ലോഇവിടെയിനി എന്തൊക്കെ വേണംന്നറിയോ തനിക്കു? ഹോട്ടെലുകള് , അപ്പാർട്ടുമെന്റുകള് , ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകള് , പാര്‍ക്കുകള് അങ്ങനെയങ്ങനെ.
ഒരു പാട് പറഞ്ഞു മുഷിപ്പിക്കുന്നില്ല. കമ്പനിക്ക് ചില പര്‍ച്ചേയ്സിനു വേണ്ടി അവിടെ വരാനുണ്ട് . വരുമ്പോ എന്തായാലും നിന്നെ അറീക്കും. നിന്നെ മാത്രം ഒന്ന് കാണണമെന്നേ മൂസ്സങ്കണ്ണിനു അന്നും തോന്നിയിട്ടുള്ളൂ.  എന്റെയീക്കഥ കേട്ടപ്പോഴേലും മനസ്സില്‍ ഒത്തിരി ചിരിച്ചുകാണുമെന്നു കരുതട്ടെ . തനിക്കു ഒന്നോർത്തു ചിരിക്കാനെങ്കിലും ഒരു വഴിയായില്ലേ. ഇടക്കൊക്കെ ഓര്‍ക്കെണേ . തല്‍ക്കാലത്തേക്ക് വിട . 
സ്നേഹത്തോടെ മൂസാങ്കണ്ണ്.

15 ജൂലായ്‌ 2013.
ഒപ്പ്.